Friday, June 28, 2013

മഴപെയ്ത്ത്


ഞാനീ പെയ്തു  കൂട്ടിയതു മുഴുവനും
നിൻറെയീ രണ്ടു  കണ്ണിലൊളിപ്പിക്കാനെ
ഉണ്ടായിരുന്നുള്ളൂ !!!!....
നിൻറെ ഓരോ സ്നേഹ പ്രകടനത്തിലും
സ്വാർഥതയുടെ  തണുപ്പുണ്ട്.
അടക്കിപിടിച്ച ശബ്ദത്തിൽ
 ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് 
ഓരോ തവണ നീ പറയുമ്പോഴും 
അതിലുമെത്രയോ വലിയ ശബ്ദത്തിൽ
 മനസിലൂടൊരു തീവണ്ടി കടന്നു പോകും,
ഒരു വിഡ്ഢിയെ പോലെ ഞാൻ 
നിന്നെ നോക്കി  ചിരിക്കും .

Thursday, June 27, 2013

പ്രിയ്യപെട്ട സമീർ ,  
വഴി തെറ്റി വന്ന ഒരു മേഘം കണക്കെ 
നീയിന്നെൻറെ ചിന്തകളെ പൊതിഞ്ഞു.
 സ്വപ്നത്തിന്റെ പാന പാത്രം നിറയെ 
 കവിത പകർന്നവനെ നിന്നെ ഞാൻ പ്രണയിക്കുന്നു. 
 "നൈജാമാലിയുടെ ജനനവും രവിയുടെ മരണവുമെന്ന്"  
സ്വയം ചുരുക്കിയെഴുതിയവനെ ,... 
വിശുദ്ധ പ്രണയത്തിന്റെ അൾത്താരയിൽ 
പാപിയാക്കപെട്ടവനെ... 
കല്ലെറിഞ്ഞവർക്കു വേണ്ടി  
ഉറക്കെയുറക്കെ കവിത ചൊല്ലിയവനെ  
നിന്നെ ഞാൻ പ്രണയിക്കുന്നു.... 
വിഷാദം മണക്കുന്ന വരാന്തയിലൂടെ 
 ചോര ചിന്തിയ ഹൃദയവുമായി  
നീ നടന്നകന്നത്  
നീണ്ട മൌനത്തിന്റെ സിംഫണിയിലെക്കോ....

Wednesday, June 26, 2013

അക്ഷരങ്ങൾ കണക്കു പറയുന്ന ഈ ഗ്രാഫിന്റെ ഒരറ്റത്ത് ഞാൻ ആത്മഹത്യ ചെയ്യുന്നു.ഇവിടെ ഒരു രാധ പുനര്ജനിക്കുന്നു - ഉപേക്ഷിക്കപെട്ടവളല്ല , ഉപേക്ഷിച്ചവൾ .

ഈ മഴയ്ക്കപ്പുറം പെയ്യുന്ന മിഴികളിൽ നോക്കിയോ നീ?
പെയ്ഴിതൊ ഴി യുന്നതത്രയും ആരുടെ വർണ്ണങ്ങളെന്നോർത്തുവോ നീ?
ഈ നീല മിഴികളിൽ മഷി പടർത്തിയതാരുടെ കരങ്ങളെന്നറിഞ്ഞുവോ നീ? 
മഞ്ഞച്ച വൈകുന്നേരങ്ങളിൽ 
നീ പാടുമ്പൊൾ 
ആ ഗിത്താറിന്റെ കമ്പിയോ
 അലയടിക്കുന്ന ഗസലോ 
ആയെങ്കിലെന്നു ആശിച്ചു.
 ഒരു ചുവരിനിരു പുറം 
രണ്ടു ലോകങ്ങളിൽ നാം ജീവിച്ചു 
അറിയാതെയെങ്കിലും 
ഗസലലിഞ്ഞു  ചേർന്ന 
കാറ്റു മാത്രം പങ്കിട്ടെടുത്തു...പാരിജാതം വിടർന്നതും 
പാതിരാപ്പൂ ചിരിച്ചതും 
നിന്റെ കണ്മുന്നിൽ മാത്രം ,
 പാതിജന്മം തരുന്നു ഞാൻ 
പാരിജാതങ്ങളത്രയും 
 പട്ടു പോകാതെ കാക്കു  നീ ....

Tuesday, June 25, 2013
തിരിഞ്ഞു നോക്കാതെ 
നീ പോയ്‌ക്കൊൾക
 മഥുരാ  പുരിയിലെക്ക് ,
യാത്രാ മംഗളങ്ങൾ നേരുവാൻ
 ഈ രാധ വഴിവക്കിലില്ല ,
ഓർത്തു വിലപിക്കുവാൻ 
ഇവൾക്ക് മനസുമില്ല .
കാളിന്ദിയിൽ
 നിൻറെ  കരസ്പർശത്തിൻ
 അവസാന ഓർമ്മയും 
കഴുകിക്കളഞ്ഞിരിക്കുന്നു ഇവൾ 
നടന്നു കൊൾക നീ 
അവതാര ലക്ഷ്യത്തിലേക്ക് ...

Monday, June 24, 2013ഇതാ ഇവിടെ


ഇരുട്ടിൻറെ മാറാല തൂങ്ങിയ


ഈ നാല് ചുവരുകൾക്കുള്ളിൽ ,


പൊടി പിടിച്ചയീ തറയിൽ


എന്റെ പ്രണയത്തിന്റെ ജഡം .


ഉണങ്ങി കരിഞ്ഞ ഇലകളും,


കറുത്ത് പോയ ഇതളുകളുമായി ,


ഒരു ചുവന്ന ദിനത്തിന്റെ


ഓർമ്മയിൽ കുരുക്കിട്ട്


ശ്വാസം കിട്ടാതെ പിടഞ്ഞതിൻറെ


പാടുകളേതുമില്ലാതെ ,


യാതൊരു പരിഭവങ്ങളുമില്ലാതെ


മരിച്ചു കിടക്കുന്നു .