Wednesday, December 31, 2014

പുറംമോടി പൊലിഞ്ഞ

പിഞ്ഞിതുടങ്ങിയ

ഈ ഡയറിയുടെ

അവസാന താളില്‍

എഴുതുകയാണു ഞാന്‍ നിന്നെ....

(ഇത്രയും കാലം

മുറുകെ പിടിച്ച കൈ

തുറന്നിടുകയാണ്

ഞാനിന്ന് ....

വല്ലാത്തൊരു ധൈര്യത്തോടെ.. )

Tuesday, December 16, 2014


ഓർമ്മയുടെ ഒറ്റയില മരം ചില്ലകളൊരുപാടുണ്ടെങ്കിലും 

കൊഴിഞ്ഞു പോകാതെ 

ബാക്കിയായത് 

നിന്റെ പേരെഴുതിയ 

 ഈയോരില മാത്രമാണ് 

Tuesday, December 9, 2014

നിനക്കറിയാമോ ...

ശ്വാസത്തിന്റെ ഓരോ അടരുകളിലും 

എത്ര ചായം പിടിപ്പിച്ചാണ് 

ഞാൻ ചിരിക്കുന്നതെന്ന്?

ഓരോ വാക്കുകളിലും 

ജീവനിലേക്കുള്ള 

എത്രയെത്ര ഊടു വഴികളെയാണ് 

എനിക്ക് തേടി പിടിക്കേണ്ടി വരുന്നതെന്ന് ?

ഓരോ വാതിലുകളും 

നിന്നിലേക്ക്‌ മാത്രമുള്ളതും 

ഒരിക്കലും തുറക്കപ്പെടാത്തവയുമാകുമ്പോൾ 

തിരിഞ്ഞു നടക്കേണ്ടി വരുന്ന 

കാലുകളുടെ ഭാരമെത്രയെന്ന് ?

ഒരിക്കലെങ്കിലും നീ 

ആലോചിച്ചു നോക്കിയിട്ടുണ്ടോ 

പൊള്ളിയടർന്ന സ്വപ്നങ്ങളുടെ 

മരണ വെപ്രാളത്തെപറ്റി? 

Wednesday, December 3, 2014


 ഓർമ്മ 

ഒന്നിനു മേൽ ഒന്നായി മെടഞ്ഞിട്ട ഓർമകൾക്ക്
കർപ്പൂരമിട്ടു കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ട് ...
മഞ്ഞളും കുങ്കുമവും നേദിച്ച കൈകളിൽ 
തെളിഞ്ഞു കാണുന്ന  ഞെരമ്പും 
പൊന്നിന്റെ ഈര്ക്കിലി വളയും....
അക്ഷരതെറ്റുകളെയും വെയിൽ പക്ഷികളെയും പറ്റി 
കുറിച്ചുവച്ച കവിതകൾക്കിടയിൽ എപ്പോഴും 
പൂത്തു നിന്നിരുന്നു നിന്റെ മൌനം .

അറിഞ്ഞതായി നീയോ ഞാനോ ഭാവിക്കാതെ 
പകുത്ത ഒരു നോട്ടത്തിലുണ്ടായിരുന്നു 
പറയേണ്ടതെല്ലാം ,... 
അറിയേണ്ടതെല്ലാം ,...

Wednesday, November 19, 2014

ന്യൂ ജെൻ 

ഇപ്പഴാണൊന്നു സമാധാനമായത് 

പുതിയ പ്രൊഫൈൽ പിക്ചർ 

ലൈക്‌ ചെയ്തവരുടെ കൂട്ടത്തിൽ 

നിന്റെ പേര് തെളിഞ്ഞു കണ്ടപ്പോൾ .

എവിടെയായിരുന്നു നീ ഇത്രയും നേരം ?Wednesday, July 9, 2014

 എനിക്കൊന്നും പറയാനില്ല , 
അല്ലെങ്കിൽ തന്നെ  
പ്രിയ്യപെട്ട ചായപെൻസിൽ 
കളഞ്ഞു പോയ കുട്ടിയുടെ ദുഖം 
നിങ്ങള്ക്കെങ്ങിനെ മനസിലാവാനാണ് ? 
നിങ്ങൾ ,
നിങ്ങൾ എന്നോ വളര്ന്നു വലുതായി പോയതല്ലേ ... 

Tuesday, July 1, 2014


ഈ മഴ തോർന്നു തളർന്നു

 വീഴുന്നിടമാണ് ഞാൻ തോറ്റുപോകുന്നത് ,

പെയ്തൊഴിച്ച ഓർമ്മകളത്രയും

 ഉയിരിലേക്കു കിനിഞ്ഞിറങ്ങുന്നത് 

മേഘങ്ങളുടെയീ നിശബ്ദതയിലാണ് ...

Thursday, June 12, 2014

  മഴയുണ്ട്  ,
  മഷിയുണ്ട് ,
ഞാനുമുണ്ട്,
 പക്ഷെ 
നീയില്ലല്ലോ ....

Tuesday, May 6, 2014

മഴ

ഇനിയും പെയ്തു തീർക്കാൻ
 ഒരുപാടുണ്ട് കവിതകളവൾക്ക് നെഞ്ചിൽ...
അവയ്ക്കൊക്കയും ഉയിരു പകരാൻ
 അറുത്തു  മാറ്റാത്തൊരു പൊക്കിൾകൊടി 
എന്റെ ഗർഭപാത്രത്തിലും...

Sunday, May 4, 2014

ഓരോ ചിരിയിലും നീ 
എറിഞ്ഞു കളയുന്ന 
നോവിന്റെ താക്കോലാണ് 
ഞാൻ..

ജീവിക്കണമെന്ന മോഹം 
കലശലാകുമ്പോഴാണ് 
മരണമേ ഞാൻ നിന്നെ 
പ്രണയിച്ചു പോകുന്നത് ..
ചാർകോൾ തുമ്പിൽ 
സ്വപ്‌നങ്ങൾ നെയ്തും 
ഈ താളുകളുടെ 
അഴികൾക്കുള്ളിൽ 
അക്ഷരങ്ങളെ 
ബന്ധനസ്ഥരാക്കിയും 
ശ്വാസത്തിന്റെ തുരുത്തുകൾക്ക് 
നിറം കൊടുക്കുമ്പോഴാണ് 
മരണമേ നീയെന്നെ 
കൊതിപ്പിക്കുന്നത് .

Tuesday, April 22, 2014

ഒറ്റയെന്ന വാക്കിൻ  പൊരുളറിയുന്നുവ്ന്നുവോ നീ ?
അത് "നീ" ആണ് .
ഒറ്റയാവുന്നിടം ഞാൻ മായ്ഞ്ഞു പോകുന്നത് 
നിന്നിലാണ് , നിന്റെ ഓര്മ്മകളിലാണ് .
ഒറ്റയെന്ന വാക്കിന്റെ പൊരുൾ -
"നീ" മാത്രമാണ് 

Monday, March 24, 2014

അടുക്കളക്കാരി 

ആളികത്തിക്കുമ്പോഴും
അടി കരിയാതെ ,
വേവേറാതെ ,
തിളച്ചു തൂവാതെ നോക്കാൻ
തത്രപെടുന്നവൾ .


Friday, March 21, 2014

  വില്പനയ്ക്ക്.


നോവു ചോരുന്നൊരു 
ഹൃദയമുണ്ട് കൊടുക്കുവാൻ..
എനിക്കു വയ്യിതിൻ 
ഭാരമിനിയും താങ്ങുവാൻ 

Thursday, March 20, 2014


എന്റേത് മാത്രം.. 
എന്റേത് മാത്രം.. 
എന്ന് ഞാൻ മന്ത്രിച്ചു കൊണ്ടെയിരിക്കുമ്പോഴും 
നിന്റെ കണ്ണുകൾ ഓർമിപ്പിക്കുന്നു - "അല്ല"

Wednesday, March 19, 2014


നീ        -  എനിക്ക് മുൻപേ നടക്കുന്നവൻ 
ഞാൻ  - ഓരോ ചുവടിലും നിന്റെ 
               അടയാളങ്ങൾ കണ്ടെത്തുന്നവൾ 
നാം      - ഒരേ പാതയിൽ പരസ്പരം 
               കണ്ടില്ലെന്നു നടിക്കുന്നവർ 

ഇന്നെന്റെ പേനയ്ക് 
നിന്റെ ഗന്ധമാണ് .
എഴുതി കൂട്ടിയ വാക്കുകളുടെ 
വിടവുകളിലെല്ലാം 
തളം കെട്ടികിടക്കുന്നു - നിന്റെ മൌനം 

Monday, March 10, 2014

ഒടിചെടുത്തൊന്നമർത്തി മായ്‌ച്ചു  
ഒന്നേന്നു വരച്ചു തുടങ്ങാൻ 
ഒരു മഷിത്തണ്ടിലലാത്തതു കൊണ്ടാണ് 
ഞാൻ നിന്റെ ഓർമകളിൽ നിന്നും 
ഇറങ്ങി നടന്നത്..


Wednesday, March 5, 2014

ഒരിക്കൽ കൂടി തോൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു -
നിന്നെ പ്രണയിച്ചുകൊണ്ട്.... 
ഒരിക്കൽ കൂടി നോവാൻ ഞാൻ കാത്തിരിക്കുന്നു 
നിന്റെ തിരസ്കാരം കൊണ്ട്....
(എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത് ?
നിന്നെ പ്രണയിക്കുവാൻ ആരുടേയും അനുവാദം 

എനിക്കവശ്യമില്ല -നിന്റെ പോലും )


ഇത് വരേയ്ക്കും എഴുതാത്ത 
ഒരു കത്തുണ്ടെടോ നിനക്ക് തരാൻ .
ഇനിയും പോസ്റ്റ്‌ ചെയ്യാത്ത ഒന്ന് . 


കാറ്റ് പോലെ ഇടയ്ക്കിടയ്ക് 
ചോദിക്കാതെ വരുന്ന 
പനിചൂടിൽ പിറുപിറുക്കുന്നതും 
വിഷാദം പൂക്കുമ്പോൾ 
തേങ്ങികരയുന്നതും
പാതിരാത്രിയ്ക്കൊരു 
നിമിഷത്തിന്റെ ഭ്രാന്തിൽ 
പാടുന്ന കവിതയും 
എല്ലാം... എല്ലാം 
നീല കടലാസിലെയ്ക്കൊപ്പാറുണ്ട്  ഞാൻ 
നിന്റെ മേൽവിലാസത്തിലെയ്ക്കായ്‌ ...

ഇനിയുള്ളത്   എന്റെ പ്രണയമാണ് 
എത്ര ആഴത്തിൽ നീന്തിയാലും 
അകം കാണാനാവാത്ത ,
മഷി പടർന്നു കുതിർന്നു പിഞ്ഞിയ 
ഒരു നീല കടലാസ്.
അതിൽ .....

അതിലെന്തെഴുതാനാണ്  ഞാൻ ?!


Wednesday, February 26, 2014


അങ്ങ് ദൂരെ പറുദീസാ കാഴ്ചകളുടെ താഴ് വാരത്തിൽ 
ഒരിക്കൽ പോലും വീശാത്ത ഒരു കാറ്റുണ്ട് ..
ഇനിയും വിരിയാത്ത ഒരു പാട് സ്വപ്നങ്ങളുടെ 
ഗന്ധo ചുമക്കുന്ന കാറ്റ് ...
ഒരിക്കൽ പോലും പാടാത്ത മുളന്തണ്ടുകളിൽ 
ചുണ്ടമർത്താനുള്ള ആ കാറ്റിന്റെ 
കൊതിയിന്മേലാണ് 
ഞാൻ നിനക്കുള്ള പ്രണയ ലേഖനം 
എഴുതി വച്ചിരിക്കുന്നത് ....
ചില ബന്ധങ്ങൾ അങ്ങിനെയാണ് ,
എത്ര ഉപ്പിട്ട് തിളപ്പിച്ചാലും , 
മഞ്ഞളിട്ട് വാട്ടിയാലും , 
പച്ച ചുവച്ചു കൊണ്ടേയിരിക്കും  !!!

Tuesday, February 25, 2014

ചിലപ്പോ അങ്ങിനെയാണ് ,
ആൾ കൂട്ടത്തിനു ഒത്ത നടുവിലിരിക്കുമ്പോഴായിരിക്കും
കണ്ണും കാതും മലര്ക്കെ തുറന്നിട്ട്‌ തന്നെ
കാഴ്ചയും കേൾവിയും
ഉമ്മറ വാതിലും വരാന്തയും അടച്ചു പൂട്ടി ,
മച്ചിൻ പുറത്തെക്ക് വലിഞ്ഞു കേറി പോകുന്നത് .
കട വാവലിന്റെ ചൂരഉള്ള ഇരുട്ടിൽ
കൂനി കൂടിയിരുന്നു ഓർമ്മകൾ രാകി മിനുക്കാൻ തുടങ്ങും..
ശാപം പിടിച്ച തിളക്കവും പേറി
പുറത്തിറങ്ങും പിന്നെ ഓർമ്മകൾ...
ഒരു പ്രേതം കണക്കെ
സ്വൈര്യം തരാതെ അങ്ങുമിങ്ങും പറന്നു നടക്കും..
ഇനി ഒരിക്കലും തുറക്കാൻ പറ്റാത്ത ഒരു താഴിടണം 
മച്ചിന്റെ വാതിലിന് ....

അല്ലെങ്കിലും അത് ചിലപ്പോ അങ്ങനെ തന്നെയാണ്
ആന റാഞ്ചി പക്ഷിയുടെ തൂവലിനെ കുറിച്ചായിരുന്നു 
നാം ആദ്യമായി കലഹിച്ചത് 
പിന്നെ നീല ഞരമ്പിന്റെ വേദനയെ ചൊല്ലി 
നിലാവിന്റെ നിറത്തെ ചൊല്ലി ..
ശംഖു പുഷ്പത്തിന്റെ ഇതളുകൾ .....
കാറ്റിനോട് എനിക്കുള്ള രഹസ്യ പ്രണയം.. 
ഒറ്റാലിൽ പെടാതെ പോയ പോടി മീനുകൾ .
മഴയുടെ പിതൃത്വം ...
അങ്ങിനെയങ്ങിനെ എത്ര നാം കലഹിച്ചുു .!
തീർത്തതും തോര്ന്നതും 
ഇനിയും ബാക്കി  വച്ചതും
എത്രയുണ്ടെന്നൊന്നു എണ്ണി  നോക്കണം 
എന്റെതും നിന്റെതും (ഞാനും നീയും ) 
എന്തോരം പിഴച്ചു (പൊറുത്തു ) എന്ന് അപ്പോഴറിയാം....


Monday, February 24, 2014

പറഞ്ഞു പറഞ്ഞു ഞാനും  
കേൾക്കാതെ കേൾക്കാതെ നീയും 
മടുത്തിരിക്കുന്നു...

ഒരറ്റത്ത് നിന്നും പുതിയ നിറങ്ങൾ  ഒലിച്ചിറങ്ങാൻ 
തുടങ്ങിയത്  കാണാതെ കാണാതെ 
കണ്ണു പൊത്തിയിരിക്കാൻ തുടങ്ങിയിട്ടും 
നാളേറെ ആയില്ലേ..

 ഇനി നമുക്ക് മായ്ച്ചുു തുടങ്ങാം
- ഒരറ്റത്ത് നിന്നും .
മായ്ച്ചു മായ്ച്ചു 
പുതിയത് വരയ്ക്കാം ....
അല്ലെ......

Thursday, February 20, 2014

ഇനി കണ്ണടച്ചാൽ മാത്രം പോരാ ,
നിന്നെ കാണാതിരിക്കുവാൻ കൂടി പഠിക്കണം .
നിന്നെ പ്രണയിക്കാതിരിക്കാനുള്ള
കാരണങ്ങൾ തിരഞ്ഞു  പിടിക്കണം