Wednesday, February 26, 2014


അങ്ങ് ദൂരെ പറുദീസാ കാഴ്ചകളുടെ താഴ് വാരത്തിൽ 
ഒരിക്കൽ പോലും വീശാത്ത ഒരു കാറ്റുണ്ട് ..
ഇനിയും വിരിയാത്ത ഒരു പാട് സ്വപ്നങ്ങളുടെ 
ഗന്ധo ചുമക്കുന്ന കാറ്റ് ...
ഒരിക്കൽ പോലും പാടാത്ത മുളന്തണ്ടുകളിൽ 
ചുണ്ടമർത്താനുള്ള ആ കാറ്റിന്റെ 
കൊതിയിന്മേലാണ് 
ഞാൻ നിനക്കുള്ള പ്രണയ ലേഖനം 
എഴുതി വച്ചിരിക്കുന്നത് ....
ചില ബന്ധങ്ങൾ അങ്ങിനെയാണ് ,
എത്ര ഉപ്പിട്ട് തിളപ്പിച്ചാലും , 
മഞ്ഞളിട്ട് വാട്ടിയാലും , 
പച്ച ചുവച്ചു കൊണ്ടേയിരിക്കും  !!!

Tuesday, February 25, 2014

ചിലപ്പോ അങ്ങിനെയാണ് ,
ആൾ കൂട്ടത്തിനു ഒത്ത നടുവിലിരിക്കുമ്പോഴായിരിക്കും
കണ്ണും കാതും മലര്ക്കെ തുറന്നിട്ട്‌ തന്നെ
കാഴ്ചയും കേൾവിയും
ഉമ്മറ വാതിലും വരാന്തയും അടച്ചു പൂട്ടി ,
മച്ചിൻ പുറത്തെക്ക് വലിഞ്ഞു കേറി പോകുന്നത് .
കട വാവലിന്റെ ചൂരഉള്ള ഇരുട്ടിൽ
കൂനി കൂടിയിരുന്നു ഓർമ്മകൾ രാകി മിനുക്കാൻ തുടങ്ങും..
ശാപം പിടിച്ച തിളക്കവും പേറി
പുറത്തിറങ്ങും പിന്നെ ഓർമ്മകൾ...
ഒരു പ്രേതം കണക്കെ
സ്വൈര്യം തരാതെ അങ്ങുമിങ്ങും പറന്നു നടക്കും..
ഇനി ഒരിക്കലും തുറക്കാൻ പറ്റാത്ത ഒരു താഴിടണം 
മച്ചിന്റെ വാതിലിന് ....

അല്ലെങ്കിലും അത് ചിലപ്പോ അങ്ങനെ തന്നെയാണ്
ആന റാഞ്ചി പക്ഷിയുടെ തൂവലിനെ കുറിച്ചായിരുന്നു 
നാം ആദ്യമായി കലഹിച്ചത് 
പിന്നെ നീല ഞരമ്പിന്റെ വേദനയെ ചൊല്ലി 
നിലാവിന്റെ നിറത്തെ ചൊല്ലി ..
ശംഖു പുഷ്പത്തിന്റെ ഇതളുകൾ .....
കാറ്റിനോട് എനിക്കുള്ള രഹസ്യ പ്രണയം.. 
ഒറ്റാലിൽ പെടാതെ പോയ പോടി മീനുകൾ .
മഴയുടെ പിതൃത്വം ...
അങ്ങിനെയങ്ങിനെ എത്ര നാം കലഹിച്ചുു .!
തീർത്തതും തോര്ന്നതും 
ഇനിയും ബാക്കി  വച്ചതും
എത്രയുണ്ടെന്നൊന്നു എണ്ണി  നോക്കണം 
എന്റെതും നിന്റെതും (ഞാനും നീയും ) 
എന്തോരം പിഴച്ചു (പൊറുത്തു ) എന്ന് അപ്പോഴറിയാം....


Monday, February 24, 2014

പറഞ്ഞു പറഞ്ഞു ഞാനും  
കേൾക്കാതെ കേൾക്കാതെ നീയും 
മടുത്തിരിക്കുന്നു...

ഒരറ്റത്ത് നിന്നും പുതിയ നിറങ്ങൾ  ഒലിച്ചിറങ്ങാൻ 
തുടങ്ങിയത്  കാണാതെ കാണാതെ 
കണ്ണു പൊത്തിയിരിക്കാൻ തുടങ്ങിയിട്ടും 
നാളേറെ ആയില്ലേ..

 ഇനി നമുക്ക് മായ്ച്ചുു തുടങ്ങാം
- ഒരറ്റത്ത് നിന്നും .
മായ്ച്ചു മായ്ച്ചു 
പുതിയത് വരയ്ക്കാം ....
അല്ലെ......

Thursday, February 20, 2014

ഇനി കണ്ണടച്ചാൽ മാത്രം പോരാ ,
നിന്നെ കാണാതിരിക്കുവാൻ കൂടി പഠിക്കണം .
നിന്നെ പ്രണയിക്കാതിരിക്കാനുള്ള
കാരണങ്ങൾ തിരഞ്ഞു  പിടിക്കണം