Monday, September 21, 2015

പെണ്ണുടലിനോട് ( പെണ്ണ് ഉടലിനോട് )

എന്റെ ഉടലേ
എവിടെയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക?

ഉടുക്കുമ്പൊഴും,
നടക്കുമ്പൊഴും,
ഇരിക്കുമ്പാഴും,
പൊതിയണം..
ഒതുക്കണം..
മറയ്ക്കണം..

എന്തിനേറെ.,
ഉറങ്ങുമ്പൊള്‍ പോലും
നിന്നെ ചുമന്നെന്റെ
ചിന്ത വലയുന്നു.

എന്റെ ഉടലേ
എവിടയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക...?

Sunday, September 20, 2015

വളർത്തുകാട്

കയ്യും കാലും പതുക്കെ നീട്ടി നീട്ടി വളരുകയായിരുന്നു കാട്.
 മേരിയുടെ ഓർമ്മകളിലേയ്ക്ക് കറുത്ത പച്ചപ്പിന്റെ നിഴൽ വീഴ്ത്തി , വേദനകളിലെയ്ക്ക് വേരുകളെ നൂണ്ടിറക്കിക്കൊണ്ട് അത് പതുക്കെ വളർന്നു .


വെള്ള കമ്മീസിട്ടു ഓടി നടന്നിരുന്ന പ്രായത്തിൽ നെല്ലിക്കാ വീഴ്ത്തിയും കള്ളിമുള്ള് ഓടിച്ചും കാടും അവളുടെ കൂടെ കളിച്ചിരുന്നു .കുന്നിക്കുരു ഒരു വിസ്മയം ആകുന്നതിനു മുൻപേ അവളുടെ ചങ്ങാതിയായിരുന്നു .

അഴിച്ചിട്ട കോലൻ മുടിയിലേക്ക് ഇലഞ്ഞിപൂക്കളിരുത്തിട്ടും ഇല്ലിപടർപ്പുകളിൽ മധുരം ഒളിച്ചു വെച്ചും കാലിൽ  മുള്ളുതറപ്പിച്ചും അവളുടെ യൗവ്വനവും കാട് ആഘോഷിച്ചിരുന്നു.

പക്ഷെ അപ്പൻ കൈ പിടിച്ചേൽപ്പിച്ചയാൾ അവൾക്ക് സ്ത്രീധനം കൊടുത്ത കാട് കണ്ടില്ല,മരങ്ങളെ കണ്ടു . ആ കാട്ടിലേയ്ക്ക് കാലെടുത്തു വയ്ക്കാൻ അയാൾക്ക് പേടിയായിരുന്നു .പകരം മരം വെട്ടാൻ പണിക്കാരു വന്നു .

അന്നു മുതലാണ്‌ മേരി ആ കാടിനെ തന്റെ ഉള്ളിൽ വളർത്താൻ തുടങ്ങിയത് .
അവളുടെ ചിന്തകൾക്ക് കാട് തണൽ  വിരിച്ചു, മൌനത്തിനു ശ്രുതിയിട്ടു .
അങ്ങനെ വെള്ളവും വളവും കൊടുത്ത് നഗരത്തിലെ ഇരുപത്തിമൂന്നാം നിലയിലെ അടച്ചിട്ട മുറിയിൽ മേരിയുടെ കാട് വളർന്നു കൊണ്ടിരുന്നു

Saturday, March 21, 2015

ആധുനിക കഥ


"ഹലോ...  ആ ടീച്ചറേ ഇതു ഞാനാ മാസികേന്ന്. 
ഒരു കഥ വേണായിരുന്നു, വിഷുസ്പെഷ്യല്‍ പതിപ്പിലേയ്ക്കാ..  ഇത്തിരി ആധുനികമായിക്കോട്ടെ.

സ്ഥിരം നൊസ്റ്റാള്‍ജിക് ഐറ്റം പ്രൊഫസര്‍ സര്‍ ഏറ്റിട്ടുണ്ട്,
അപ്പൊപിന്നെ ആധുനികത്തിന് ടീച്ചറാ നല്ലെതെന്നു തോന്നി,
അതുമല്ലാ ഇപ്പഴത്തെ പെണ്‍പക്ഷത്ത് ടീച്ചറല്ലാതെ വേറെയാരാ എഴുതാനുള്ളേ..

പിന്നേ ആ ഡെല്‍ഹി കേസു വേണ്ടാട്ടൊ..,  നാട്ടിലേതായാലും വല്ല്യ ഗുണമില്ല , ഇതിന്റെയൊക്കെ ഊരും പേരുമല്ലേ മാറുന്നുള്ളൂ  സംഗതിയൊക്കെ ഒന്നു തന്നെ.

അല്ലാ ... വേറൊന്നും കൊണ്ടല്ലാ ... ഒരു സ്കോപ്പില്ലാ ,  ഇപ്പഴത്തെ ന്യൂ ജെന്‍ പിള്ളേരു മൊത്തം അതിന്മേലാ പണിയുന്നേ ..
വായനക്കാര്‍ക്കും വേണ്ടേ ഒരു ചേഞ്ച്.

പിന്നെ ടീച്ചറെ പോലുള്ളോര്‍ക്ക് എഴുതാന്‍ ഒരു സബ്ജെക്ട് തിരഞ്ഞു നടക്കേണ്ട ആവശ്യോമില്ലല്ലോ..  അതാണല്ലൊ ടീച്ചര്‍ടെ എഴുത്തിന്റെ ഒരു ഇത് . 

അപ്പൊ എല്ലാം പറഞ്ഞപോലെ അടുത്തയാഴ്ച്ച ഞാന്‍ ചെക്കുമായിട്ടു വരാം."

കറ


"അമ്മമ്മേ എനിക്കീ മരത്തിനൊരു പേരിടണം "
സ്കൂളില്‍ നിന്നു കിട്ടിയ മരം നടുകയായിരുന്നു ടീച്ചറും പേരക്കുട്ടിയും .

"ഇതിന്റെ പേര് ഞാവല്‍ ന്നാ ലച്ചൂ ."

"അതല്ലമ്മമ്മേ .. ഇത് എനിക്ക് കിട്ടിയ മരമല്ലേ , എന്റെ സ്വന്തം മരം അപ്പൊ എനിക്കിതിന് സ്വന്തായിട്ടൊരു പേരിട്ടു വിളിക്കണം.."

"ഓഹോ .....
അങ്ങനെയാണോ ..
ശെരിയെന്നാ നീയീ മരത്തിനെ സൈനൂന്നു വിളിച്ചോ.."
( ടീച്ചറുടെ ഓര്‍മ്മകളില്‍ ഞാവല്‍ കറയില്‍ നീലിച്ച നാവും സുറുമയിട്ട മിഴികളും തെളിഞ്ഞു.)

"അയ്യേ ഈ അമ്മമ്മയ്ക്കെന്താ മരത്തിനാരേലും മുസ്ലീം പേരിട്വൊ.."

"അതെന്താ ..?"

"മരങ്ങളൊക്കെ ഹിന്ദുക്കളല്ലേ അമ്മമ്മേ പിന്നെങ്ങെന്യാ വേറെ ജാതിപ്പേരിടാ.."

"ആരാപ്പൊ ഇങ്ങന്വൊക്കെ നെന്നോട് പറഞ്ഞേ..?"

"സ്കൂളിലെ സൂരജേട്ടന്‍ പറഞ്ഞൂല്ലോ മരങ്ങളു മാത്രല്ലാ ജന്തുക്കളും പുഴകളും ഒക്കെ നമ്മടെ ആളോളാ .
ബാക്കി മതക്കാരൊക്കെ പിന്നെ വന്നോരാത്രേ .
അതല്ലേ പശൂനും പൂച്ചയ്ക്കൊക്കെ ഹിന്ദുക്കള്‍ടെ പേരിടണേ.. "

(ലച്ചൂന്റെ നാവിലെ കറ ഞാവലിന്റെയല്ല എന്നറിഞ്ഞപ്പൊള്‍ അറുത്തുകളയാന്‍ തോന്നി ടീച്ചര്‍ക്ക്)

Wednesday, March 11, 2015

Googlization
Where Google knows everything,
I don't even know my neighbors..

Saturday, March 7, 2015


       ലോക വനിതാദിനത്തോടനുബന്ധിച്ചുള്ള കഥാരചനാ മല്‍സരം  വിഷയം  :   ഭാരത സംസ്കാരത്തിലെ സ്ത്രീ സാന്നിദ്ധ്യം 
                                                മാര്‍ജിനിട്ട വെള്ള കടലാസ്Friday, March 6, 2015

നാളെയുടെ കഥ


പണ്ടു പണ്ടു പണ്ട് ഒരിടത്തൊരിടത്തൊരിടത്ത് ഒരു കഥയുണ്ടായിരുന്നു. ആ കഥ കേള്‍ക്കാന്‍ കൊതിച്ചു കൊതിച്ചിരുന്ന ഒരു കുട്ടിയും.

കാതുകൂര്‍പ്പിച്ച് കണ്ണുമിഴിച്ച് കഥകേള്‍ക്കാന്‍ കുട്ടി വരുമ്പൊഴൊക്കെ കഥ പറയും, "ആ.... ഇന്നിനി വയ്യ നാളെയാകട്ടെ "

"സാരല്ല്യ , ഇന്നില്ല്യെങ്കിലെന്താ നാളെയുണ്ടല്ലോ..."  കുട്ടി സന്തോഷത്തോടെ കിടന്നുറങ്ങും. അപ്പൊള്‍ കഥ പതിയെ പതിയെ കുട്ടീടെ സ്വപ്നത്തില്‍ വരും എന്നിട്ട് ചെവിയില്‍ മന്ത്രിയ്ക്കും .. " നാളെ.." .

"എന്നിട്ട് ?? "

"എന്നിട്ടോ.. 
   ആ.... എന്നിട്ട് രാവിലെ കുട്ടി  എഴുന്നേല്‍ക്കുമ്പൊ എന്താവും?, ഇന്നായില്ല്യേ...
ഇനി നാളെ നാളെയല്ലേ ...!   :)  

അപ്പൊ ബാക്കി കഥ നാളെ.." 

മരംകൊത്തി കിളികള്‍ അഥവാ കൂടുകള്‍ ഉണ്ടാവുന്നത്

"അമ്മേ ...
അപ്പോ ഈ മരംകൊത്തി സമ്മതല്ല്യാണ്ടെ കൊത്തി കൊത്തി മാളങ്ങളുണ്ടാക്കുമ്പൊ മരത്തിനു വേദന്യാവില്ല്യേ? "

" ഏഹ് !?"
" അമ്മയ്ക്കറിയില്ല്യ മോളൂ.."

( ശരിയാണ് ,
സമ്മതമില്ലാതെ സ്വന്തം ശരീരത്തെ ഒരു മരംകൊത്തി ഭക്ഷണമാക്കുന്നതും , വലുതും ചെറുതുമായ മാളങ്ങള്‍ ഉണ്ടാകുന്നതും ,കാലക്രമേണ അതൊരു കൂടായിമാറുന്നതും, നിന്നെപോലെ കുഞ്ഞുപക്ഷികള്‍ വിരിഞ്ഞിറങ്ങുന്നതും
മരങ്ങള്‍ക്ക് വേദനയാവില്ലെന്ന ഉറച്ച വിശ്വാസം കൊണ്ട് മാത്രമാണെന്ന് പറയാന്‍ എനിയ്ക്ക് അറിയുകയേയില്ലായിരുന്നു..) 

Wednesday, March 4, 2015

മണ്ണു തിന്നു മരിച്ചവര്‍

"ഡോക്ടര്‍,
സിറ്റിയുടെ ഒത്തനടുക്കാണ്, ഫ്ളാറ്റിലാണ് , അതും പത്താമത്തെ നിലയില്‍, എന്നിട്ടും അവരെന്നെ തേടി വരുന്നുഎനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല സര്‍ , കണ്ണടച്ചാലുടന്‍ അവര്‍ വരികയായി."

"ആര് ?"

"പ്രേതങ്ങള്‍,മണ്ണു തിന്നു മരിച്ചവരുടെ പ്രേതങ്ങള്‍. "

"ആര് ? ഒന്നുകൂടി പറയൂ  "

"മണ്ണുതിന്നു മരിച്ചവരുടെ പ്രേതങ്ങള്‍- ഇറയത്തെ കുഴിയിലുണ്ടായിരുന്ന കുഴിയാനകള്‍, തൊടിയിലുണ്ടായിരുന്ന മണ്ണിരകള്‍,മച്ചിലേയ്ക്ക് പടര്‍ന്ന ചിതലുകള്‍, പിന്നെ...."

"പിന്നെ?"

"പിന്നെ.. ഒരു കൈക്കോട്ടും പാളത്തൊപ്പിയുമായി അച്ഛനും.."

Tuesday, March 3, 2015


അവര്‍ എന്നെ തുറിച്ചു നോക്കി,
ഞാന്‍ തന്നെയെന്റെ ദൈവം എന്നു
പറഞ്ഞതിന്.
(സത്യം പറഞ്ഞുകൂടാ..!)

അവര്‍ എന്നെ കല്ലെറിഞ്ഞു, ഒരുവനെയുപേക്ഷിച്ച് മറ്റൊരുവനെ പ്രണയിച്ചതിന്.
( സത്യം ചെയ്തുകൂടാ .. )

അവര്‍ എന്നെ വിചാരണ ചെയ്തു,
മുഖംമൂടികള്‍ അണിഞ്ഞതിന്.
(തെറ്റ് എന്റേതുതന്നെ മുഖംമൂടികലയില്‍ വൈദഗ്ധ്യം പോരായിരുന്നു..)

അവര്‍ എന്നെ തൂക്കിലേറ്റി ,
എന്റെ നേരിനെ പെറ്റുപോറ്റാന്‍ ശ്രമിച്ചതിന് .
(എത്രതന്നെ ശരിയാണെങ്കിലും പടുമുളകള്‍ വെട്ടിനിരത്തപ്പെടും ..)

ഇനിയവരെന്റെ ശവം ഭക്ഷിക്കട്ടെ..
(സത്യത്തിന്റെ രുചി..!)

വിശക്കുന്നവന്റെ

പ്രണയത്തിനിത്തിരി

ചോപ്പും ചൂടും കൂടും.

ചോരയിലിത്തിരിയുപ്പും ,

നേരും കൂടും .

കയ്യിലിത്തിരി തഴമ്പും ,

ചങ്കിനിത്തിരി ഉറപ്പും

ബാക്കിയാവും.

കവിതാരചനയാണ് മല്‍സരം

വിഷയം തന്നു -

"മാര്‍ച്ചിലെ കലാലയം " .

വിടര്‍ന്ന പൂ വാകയെയും

അവളുടെ കണ്ണുകളെയും

ഇടത്തും വലത്തും

ഇരുന്നവര്‍ എടുത്തു .

വഴിപിരിഞ്ഞ കൂട്ടുകാരെയും

ഓര്‍മ്മകളെയും

ബാക്കിയുണ്ടായിരുന്നവരും പങ്കിട്ടു.

എനിക്കെഴുതാന്‍

ബാക്കിയായത്

പരീക്ഷാഫീസടയ്ക്കാനുള്ള

അവസാന ദിവസം

ഓടിയെത്തിയ അമ്മയുടെ

നെഞ്ചിലെ കിതപ്പു മാത്രം.

Monday, March 2, 2015

          
           
               ഒറ്റയിലയുടെ നൊമ്പരം

                കാറ്റിന്റെ മൂളലിനൊപ്പം

       അലിഞ്ഞില്ലാതെ പോവുന്നതാണ്.


               ( ഒറ്റയിലയ്ക്കുവേണ്ടി

   ഓര്‍മ്മമരത്തിന്റെ തുഞ്ചത്തേയ്ക്ക്

     ഒരു മൂ ളലോടെ  പാറിപറന്നുവരാന്‍

             ഒരു കാറ്റുണ്ടെങ്കില്‍ മാത്രം...)

എന്റെ ജല്പനങ്ങള്‍ക്ക്

മറുപടി മൂളാന്‍

നീയെനിക്കാരാണ് ?

ഞാന്‍

നിനക്കാരാണ് ?

ആരുമല്ല

തേടിവരാന്‍ ആരുമില്ലാത്ത,

ഇറങ്ങിപോകാന്‍ ഇടങ്ങളില്ലാത്തയീ

കൂടിനെന്തിനാണ് 

ഇങ്ങനെയൊരു  വാതില്‍?

കൊട്ടിയടച്ചേക്കാം അല്ലേ?

നിഴലുകള്‍ പറഞ്ഞു - ''ശരിതന്നെ''

മച്ചില്‍ ഓര്‍മ്മപല്ലികള്‍ ചിലച്ചു-

'' എങ്കിലും...''

നീയെന്തിനാണെന്നെ

പ്രണയിക്കുന്നത്?

സ്വന്തമാക്കാനോ?

അല്ല

പിന്നെ? 

പ്രണയിക്കുവാന്‍ ,

പ്രണയിക്കുവാന്‍ വേണ്ടി മാത്രം..

Tuesday, January 20, 2015

ഒരു കള്ളനസ്രാണിയെ കാണുന്നില്ല !!!

കുറെ കാലമായി ഒളിവിലായിരുന്നു തമാശക്കാരൻ ....

കഴിഞ്ഞ ആഴ്ച 
ആരും ഇല്ലാത്ത നേരത്ത് വന്നിരുന്നു 
ആരും കണ്ടിട്ടില്ല...
പക്ഷെ അടയാളങ്ങൾ എനിക്ക് മനസിലാകണ്ടിരിക്ക്യോ ?
തിരഞ്ഞു തിരഞ്ഞു ചെന്നപ്പോ 
ഒരു കഥയുടെ തുണ്ടും തുരുമ്പും ദാ  കെടക്കുണൂ...
മുഴോനും ല്ല്യാത്ത ആ കഥയെ കണ്ടപ്പോ സങ്കടായി .


എടൊ കള്ളനസ്രാണീ ...
എവിട്യെലും ഇരുന്ന് എപ്പഴേലും ഇത് വായിക്കാണേൽ 
അറിയൂ ....
നിങ്ങടെ കള്ളകഥകൾ കേട്ട് 
കണ്ണും മിഴിച്ചിരുന്ന,
പൊട്ടി ചിരിച്ചിരുന്ന  
 ഒരു കുട്ടിയുണ്ടായിരുന്നു ഈ ലോകത്ത് ....

Saturday, January 17, 2015

ഞാന്‍ നിലയ്ക്കുന്നിടത്തു നിന്നാണ്
നീ ഒഴുകിത്തുടങ്ങുന്നത് .
എന്റെ കൊഴിഞ്ഞ തൂ വലുകളിലെ കാറ്റാണ്
നിന്നെ നയിക്കുന്നത്  .
എന്റെയുള്ളിലെ ഇനിയും കെടാത്ത
വെളിച്ചത്തിലാണ് നിന്റെ വഴി
തെളിയുന്നത് .
എന്നില്‍ നിന്നാണ് നീ മുളയ്ക്കുന്നത്.
ഒടുവില്‍
എന്നില്‍ തന്നെയാണ് നീ
വന്നടിയുന്നതും....

Thursday, January 8, 2015
And I know the meaning of silence.,
even better than you...
How it will haunt
each and every seconds of life..
How you will cursed with
its heaviness.
How it will wreathe your soul
and swallow as a serpent.
Coz I'm the one who is
cursed with your silence.
I'm the one who is
wounded by love.

Monday, January 5, 2015

എട്ടുപെറ്റുപോറ്റിയിട്ടും 
ആല്‍ത്തറയില്‍ പഴുത്തുപൊട്ടി 
പുഴുവരിച്ചുചത്ത 
ഇച്ചേയിയമ്മനേം
 നമ്പീശന്മാമ നുള്ളി നുള്ളി ചോപ്പിച്ച
 അമ്മുണ്ണീച്ചീന്റെ കുഞ്ഞു ഇഞ്ഞിഞ്ഞേം
 കണ്ടതോണ്ടാവും
 ന്റെ തമ്പാട്ടി  
കുഞ്ഞിലേ പൊട്ടനായി പോയത്

ഒരു കാലത്തും
 ഒന്നും കാണേല്ല്യ....
           കേക്കേംല്ല്യ ...
        
          മിണ്ടേംല്ല്യ....*തമ്പാട്ടി : ദൈവം 


അക്ഷരത്തെറ്റുകള്‍

ചിലവ,
ഒളിച്ചു കളിക്കുന്ന 
ഒരു കുട്ടിയുടെ 
ലാഘവത്തോടെ 
ആരുടെ കണ്ണിലുംപെടാതെ, 
ശരികളായി തന്നെ 
വായിക്കപ്പെടുന്നവ

ചിലതുണ്ട്,
മായച്ചുകളഞ്ഞാലും
 തെറ്റിയെഴുതിയതിന്റെ 
അടയാളത്തില്‍
 ജീവിക്കുന്നവ

വേറെ ചിലത്, 
എത്ര തിരുത്തിയാലും 
തെറ്റിതന്നെ 
എഴുതിപോകുന്നത്. 
അതങ്ങിനെ 
തെറ്റിക്കിടന്നാലേ 
ഒരു ചേലുണ്ടാവൂ  എന്നു 
തോന്നിപോകും

അവസാനത്തെ കൂട്ടര്‍, 
എപ്പോഴെടുത്തു 
മറിച്ചുനോക്കുമ്പൊഴും ,
 കാഴ്ചയെയങ്ങിനെ 
കൊത്തിവലിച്ച്,..
ആഴത്തില്‍ നോവുന്നവ..