Saturday, March 21, 2015

ആധുനിക കഥ


"ഹലോ...  ആ ടീച്ചറേ ഇതു ഞാനാ മാസികേന്ന്. 
ഒരു കഥ വേണായിരുന്നു, വിഷുസ്പെഷ്യല്‍ പതിപ്പിലേയ്ക്കാ..  ഇത്തിരി ആധുനികമായിക്കോട്ടെ.

സ്ഥിരം നൊസ്റ്റാള്‍ജിക് ഐറ്റം പ്രൊഫസര്‍ സര്‍ ഏറ്റിട്ടുണ്ട്,
അപ്പൊപിന്നെ ആധുനികത്തിന് ടീച്ചറാ നല്ലെതെന്നു തോന്നി,
അതുമല്ലാ ഇപ്പഴത്തെ പെണ്‍പക്ഷത്ത് ടീച്ചറല്ലാതെ വേറെയാരാ എഴുതാനുള്ളേ..

പിന്നേ ആ ഡെല്‍ഹി കേസു വേണ്ടാട്ടൊ..,  നാട്ടിലേതായാലും വല്ല്യ ഗുണമില്ല , ഇതിന്റെയൊക്കെ ഊരും പേരുമല്ലേ മാറുന്നുള്ളൂ  സംഗതിയൊക്കെ ഒന്നു തന്നെ.

അല്ലാ ... വേറൊന്നും കൊണ്ടല്ലാ ... ഒരു സ്കോപ്പില്ലാ ,  ഇപ്പഴത്തെ ന്യൂ ജെന്‍ പിള്ളേരു മൊത്തം അതിന്മേലാ പണിയുന്നേ ..
വായനക്കാര്‍ക്കും വേണ്ടേ ഒരു ചേഞ്ച്.

പിന്നെ ടീച്ചറെ പോലുള്ളോര്‍ക്ക് എഴുതാന്‍ ഒരു സബ്ജെക്ട് തിരഞ്ഞു നടക്കേണ്ട ആവശ്യോമില്ലല്ലോ..  അതാണല്ലൊ ടീച്ചര്‍ടെ എഴുത്തിന്റെ ഒരു ഇത് . 

അപ്പൊ എല്ലാം പറഞ്ഞപോലെ അടുത്തയാഴ്ച്ച ഞാന്‍ ചെക്കുമായിട്ടു വരാം."

കറ


"അമ്മമ്മേ എനിക്കീ മരത്തിനൊരു പേരിടണം "
സ്കൂളില്‍ നിന്നു കിട്ടിയ മരം നടുകയായിരുന്നു ടീച്ചറും പേരക്കുട്ടിയും .

"ഇതിന്റെ പേര് ഞാവല്‍ ന്നാ ലച്ചൂ ."

"അതല്ലമ്മമ്മേ .. ഇത് എനിക്ക് കിട്ടിയ മരമല്ലേ , എന്റെ സ്വന്തം മരം അപ്പൊ എനിക്കിതിന് സ്വന്തായിട്ടൊരു പേരിട്ടു വിളിക്കണം.."

"ഓഹോ .....
അങ്ങനെയാണോ ..
ശെരിയെന്നാ നീയീ മരത്തിനെ സൈനൂന്നു വിളിച്ചോ.."
( ടീച്ചറുടെ ഓര്‍മ്മകളില്‍ ഞാവല്‍ കറയില്‍ നീലിച്ച നാവും സുറുമയിട്ട മിഴികളും തെളിഞ്ഞു.)

"അയ്യേ ഈ അമ്മമ്മയ്ക്കെന്താ മരത്തിനാരേലും മുസ്ലീം പേരിട്വൊ.."

"അതെന്താ ..?"

"മരങ്ങളൊക്കെ ഹിന്ദുക്കളല്ലേ അമ്മമ്മേ പിന്നെങ്ങെന്യാ വേറെ ജാതിപ്പേരിടാ.."

"ആരാപ്പൊ ഇങ്ങന്വൊക്കെ നെന്നോട് പറഞ്ഞേ..?"

"സ്കൂളിലെ സൂരജേട്ടന്‍ പറഞ്ഞൂല്ലോ മരങ്ങളു മാത്രല്ലാ ജന്തുക്കളും പുഴകളും ഒക്കെ നമ്മടെ ആളോളാ .
ബാക്കി മതക്കാരൊക്കെ പിന്നെ വന്നോരാത്രേ .
അതല്ലേ പശൂനും പൂച്ചയ്ക്കൊക്കെ ഹിന്ദുക്കള്‍ടെ പേരിടണേ.. "

(ലച്ചൂന്റെ നാവിലെ കറ ഞാവലിന്റെയല്ല എന്നറിഞ്ഞപ്പൊള്‍ അറുത്തുകളയാന്‍ തോന്നി ടീച്ചര്‍ക്ക്)

Wednesday, March 11, 2015

Googlization
Where Google knows everything,
I don't even know my neighbors..

Saturday, March 7, 2015


       ലോക വനിതാദിനത്തോടനുബന്ധിച്ചുള്ള കഥാരചനാ മല്‍സരം  വിഷയം  :   ഭാരത സംസ്കാരത്തിലെ സ്ത്രീ സാന്നിദ്ധ്യം 
                                                മാര്‍ജിനിട്ട വെള്ള കടലാസ്Friday, March 6, 2015

നാളെയുടെ കഥ


പണ്ടു പണ്ടു പണ്ട് ഒരിടത്തൊരിടത്തൊരിടത്ത് ഒരു കഥയുണ്ടായിരുന്നു. ആ കഥ കേള്‍ക്കാന്‍ കൊതിച്ചു കൊതിച്ചിരുന്ന ഒരു കുട്ടിയും.

കാതുകൂര്‍പ്പിച്ച് കണ്ണുമിഴിച്ച് കഥകേള്‍ക്കാന്‍ കുട്ടി വരുമ്പൊഴൊക്കെ കഥ പറയും, "ആ.... ഇന്നിനി വയ്യ നാളെയാകട്ടെ "

"സാരല്ല്യ , ഇന്നില്ല്യെങ്കിലെന്താ നാളെയുണ്ടല്ലോ..."  കുട്ടി സന്തോഷത്തോടെ കിടന്നുറങ്ങും. അപ്പൊള്‍ കഥ പതിയെ പതിയെ കുട്ടീടെ സ്വപ്നത്തില്‍ വരും എന്നിട്ട് ചെവിയില്‍ മന്ത്രിയ്ക്കും .. " നാളെ.." .

"എന്നിട്ട് ?? "

"എന്നിട്ടോ.. 
   ആ.... എന്നിട്ട് രാവിലെ കുട്ടി  എഴുന്നേല്‍ക്കുമ്പൊ എന്താവും?, ഇന്നായില്ല്യേ...
ഇനി നാളെ നാളെയല്ലേ ...!   :)  

അപ്പൊ ബാക്കി കഥ നാളെ.." 

മരംകൊത്തി കിളികള്‍ അഥവാ കൂടുകള്‍ ഉണ്ടാവുന്നത്

"അമ്മേ ...
അപ്പോ ഈ മരംകൊത്തി സമ്മതല്ല്യാണ്ടെ കൊത്തി കൊത്തി മാളങ്ങളുണ്ടാക്കുമ്പൊ മരത്തിനു വേദന്യാവില്ല്യേ? "

" ഏഹ് !?"
" അമ്മയ്ക്കറിയില്ല്യ മോളൂ.."

( ശരിയാണ് ,
സമ്മതമില്ലാതെ സ്വന്തം ശരീരത്തെ ഒരു മരംകൊത്തി ഭക്ഷണമാക്കുന്നതും , വലുതും ചെറുതുമായ മാളങ്ങള്‍ ഉണ്ടാകുന്നതും ,കാലക്രമേണ അതൊരു കൂടായിമാറുന്നതും, നിന്നെപോലെ കുഞ്ഞുപക്ഷികള്‍ വിരിഞ്ഞിറങ്ങുന്നതും
മരങ്ങള്‍ക്ക് വേദനയാവില്ലെന്ന ഉറച്ച വിശ്വാസം കൊണ്ട് മാത്രമാണെന്ന് പറയാന്‍ എനിയ്ക്ക് അറിയുകയേയില്ലായിരുന്നു..) 

Wednesday, March 4, 2015

മണ്ണു തിന്നു മരിച്ചവര്‍

"ഡോക്ടര്‍,
സിറ്റിയുടെ ഒത്തനടുക്കാണ്, ഫ്ളാറ്റിലാണ് , അതും പത്താമത്തെ നിലയില്‍, എന്നിട്ടും അവരെന്നെ തേടി വരുന്നുഎനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല സര്‍ , കണ്ണടച്ചാലുടന്‍ അവര്‍ വരികയായി."

"ആര് ?"

"പ്രേതങ്ങള്‍,മണ്ണു തിന്നു മരിച്ചവരുടെ പ്രേതങ്ങള്‍. "

"ആര് ? ഒന്നുകൂടി പറയൂ  "

"മണ്ണുതിന്നു മരിച്ചവരുടെ പ്രേതങ്ങള്‍- ഇറയത്തെ കുഴിയിലുണ്ടായിരുന്ന കുഴിയാനകള്‍, തൊടിയിലുണ്ടായിരുന്ന മണ്ണിരകള്‍,മച്ചിലേയ്ക്ക് പടര്‍ന്ന ചിതലുകള്‍, പിന്നെ...."

"പിന്നെ?"

"പിന്നെ.. ഒരു കൈക്കോട്ടും പാളത്തൊപ്പിയുമായി അച്ഛനും.."

Tuesday, March 3, 2015


അവര്‍ എന്നെ തുറിച്ചു നോക്കി,
ഞാന്‍ തന്നെയെന്റെ ദൈവം എന്നു
പറഞ്ഞതിന്.
(സത്യം പറഞ്ഞുകൂടാ..!)

അവര്‍ എന്നെ കല്ലെറിഞ്ഞു, ഒരുവനെയുപേക്ഷിച്ച് മറ്റൊരുവനെ പ്രണയിച്ചതിന്.
( സത്യം ചെയ്തുകൂടാ .. )

അവര്‍ എന്നെ വിചാരണ ചെയ്തു,
മുഖംമൂടികള്‍ അണിഞ്ഞതിന്.
(തെറ്റ് എന്റേതുതന്നെ മുഖംമൂടികലയില്‍ വൈദഗ്ധ്യം പോരായിരുന്നു..)

അവര്‍ എന്നെ തൂക്കിലേറ്റി ,
എന്റെ നേരിനെ പെറ്റുപോറ്റാന്‍ ശ്രമിച്ചതിന് .
(എത്രതന്നെ ശരിയാണെങ്കിലും പടുമുളകള്‍ വെട്ടിനിരത്തപ്പെടും ..)

ഇനിയവരെന്റെ ശവം ഭക്ഷിക്കട്ടെ..
(സത്യത്തിന്റെ രുചി..!)

വിശക്കുന്നവന്റെ

പ്രണയത്തിനിത്തിരി

ചോപ്പും ചൂടും കൂടും.

ചോരയിലിത്തിരിയുപ്പും ,

നേരും കൂടും .

കയ്യിലിത്തിരി തഴമ്പും ,

ചങ്കിനിത്തിരി ഉറപ്പും

ബാക്കിയാവും.

കവിതാരചനയാണ് മല്‍സരം

വിഷയം തന്നു -

"മാര്‍ച്ചിലെ കലാലയം " .

വിടര്‍ന്ന പൂ വാകയെയും

അവളുടെ കണ്ണുകളെയും

ഇടത്തും വലത്തും

ഇരുന്നവര്‍ എടുത്തു .

വഴിപിരിഞ്ഞ കൂട്ടുകാരെയും

ഓര്‍മ്മകളെയും

ബാക്കിയുണ്ടായിരുന്നവരും പങ്കിട്ടു.

എനിക്കെഴുതാന്‍

ബാക്കിയായത്

പരീക്ഷാഫീസടയ്ക്കാനുള്ള

അവസാന ദിവസം

ഓടിയെത്തിയ അമ്മയുടെ

നെഞ്ചിലെ കിതപ്പു മാത്രം.

Monday, March 2, 2015

          
           
               ഒറ്റയിലയുടെ നൊമ്പരം

                കാറ്റിന്റെ മൂളലിനൊപ്പം

       അലിഞ്ഞില്ലാതെ പോവുന്നതാണ്.


               ( ഒറ്റയിലയ്ക്കുവേണ്ടി

   ഓര്‍മ്മമരത്തിന്റെ തുഞ്ചത്തേയ്ക്ക്

     ഒരു മൂ ളലോടെ  പാറിപറന്നുവരാന്‍

             ഒരു കാറ്റുണ്ടെങ്കില്‍ മാത്രം...)

എന്റെ ജല്പനങ്ങള്‍ക്ക്

മറുപടി മൂളാന്‍

നീയെനിക്കാരാണ് ?

ഞാന്‍

നിനക്കാരാണ് ?

ആരുമല്ല

തേടിവരാന്‍ ആരുമില്ലാത്ത,

ഇറങ്ങിപോകാന്‍ ഇടങ്ങളില്ലാത്തയീ

കൂടിനെന്തിനാണ് 

ഇങ്ങനെയൊരു  വാതില്‍?

കൊട്ടിയടച്ചേക്കാം അല്ലേ?

നിഴലുകള്‍ പറഞ്ഞു - ''ശരിതന്നെ''

മച്ചില്‍ ഓര്‍മ്മപല്ലികള്‍ ചിലച്ചു-

'' എങ്കിലും...''

നീയെന്തിനാണെന്നെ

പ്രണയിക്കുന്നത്?

സ്വന്തമാക്കാനോ?

അല്ല

പിന്നെ? 

പ്രണയിക്കുവാന്‍ ,

പ്രണയിക്കുവാന്‍ വേണ്ടി മാത്രം..