Monday, September 21, 2015

പെണ്ണുടലിനോട് ( പെണ്ണ് ഉടലിനോട് )

എന്റെ ഉടലേ
എവിടെയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക?

ഉടുക്കുമ്പൊഴും,
നടക്കുമ്പൊഴും,
ഇരിക്കുമ്പാഴും,
പൊതിയണം..
ഒതുക്കണം..
മറയ്ക്കണം..

എന്തിനേറെ.,
ഉറങ്ങുമ്പൊള്‍ പോലും
നിന്നെ ചുമന്നെന്റെ
ചിന്ത വലയുന്നു.

എന്റെ ഉടലേ
എവിടയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക...?

Sunday, September 20, 2015

വളർത്തുകാട്

കയ്യും കാലും പതുക്കെ നീട്ടി നീട്ടി വളരുകയായിരുന്നു കാട്.
 മേരിയുടെ ഓർമ്മകളിലേയ്ക്ക് കറുത്ത പച്ചപ്പിന്റെ നിഴൽ വീഴ്ത്തി , വേദനകളിലെയ്ക്ക് വേരുകളെ നൂണ്ടിറക്കിക്കൊണ്ട് അത് പതുക്കെ വളർന്നു .


വെള്ള കമ്മീസിട്ടു ഓടി നടന്നിരുന്ന പ്രായത്തിൽ നെല്ലിക്കാ വീഴ്ത്തിയും കള്ളിമുള്ള് ഓടിച്ചും കാടും അവളുടെ കൂടെ കളിച്ചിരുന്നു .കുന്നിക്കുരു ഒരു വിസ്മയം ആകുന്നതിനു മുൻപേ അവളുടെ ചങ്ങാതിയായിരുന്നു .

അഴിച്ചിട്ട കോലൻ മുടിയിലേക്ക് ഇലഞ്ഞിപൂക്കളിരുത്തിട്ടും ഇല്ലിപടർപ്പുകളിൽ മധുരം ഒളിച്ചു വെച്ചും കാലിൽ  മുള്ളുതറപ്പിച്ചും അവളുടെ യൗവ്വനവും കാട് ആഘോഷിച്ചിരുന്നു.

പക്ഷെ അപ്പൻ കൈ പിടിച്ചേൽപ്പിച്ചയാൾ അവൾക്ക് സ്ത്രീധനം കൊടുത്ത കാട് കണ്ടില്ല,മരങ്ങളെ കണ്ടു . ആ കാട്ടിലേയ്ക്ക് കാലെടുത്തു വയ്ക്കാൻ അയാൾക്ക് പേടിയായിരുന്നു .പകരം മരം വെട്ടാൻ പണിക്കാരു വന്നു .

അന്നു മുതലാണ്‌ മേരി ആ കാടിനെ തന്റെ ഉള്ളിൽ വളർത്താൻ തുടങ്ങിയത് .
അവളുടെ ചിന്തകൾക്ക് കാട് തണൽ  വിരിച്ചു, മൌനത്തിനു ശ്രുതിയിട്ടു .
അങ്ങനെ വെള്ളവും വളവും കൊടുത്ത് നഗരത്തിലെ ഇരുപത്തിമൂന്നാം നിലയിലെ അടച്ചിട്ട മുറിയിൽ മേരിയുടെ കാട് വളർന്നു കൊണ്ടിരുന്നു