Thursday, June 16, 2016

ഓരോ നോവിന്റെ തുള്ളിയേയും

ഉപ്പുകല്ലാക്കി മാറ്റി

ഉള്ളിലടുക്കുന്ന ഒരു വിദ്യയുണ്ട്..

കല്ലുകളടുക്കിയടുക്കി

ആകാശം മുട്ടുന്ന മതിലാവുന്നേരം

നീ പറയുമായിരിക്കും

എന്റെ  വെളിച്ചം കെട്ടുപോയെന്ന്..

Monday, June 6, 2016

എന്റെ തൊണ്ടക്കുഴിയില്‍ വച്ചുതന്നെ

നീ ശ്വാസം മുട്ടിച്ചു കൊന്നുകളഞ്ഞ

കുറെ അക്ഷരങ്ങളുണ്ട്.

രാത്രികളില്‍ എന്റെ ഉറക്കം കെടുത്തുന്ന

തേങ്ങലിന്റെ ഉറവിടങ്ങള്‍.

ചിന്തയുടെ ആകാശത്തേയ്ക്ക്

എയ്തുവിട്ട പട്ടങ്ങള്‍ക്ക്

ആ അക്ഷരങ്ങളുടെ

മണമായിരുന്നു  -   ചാപിള്ളകളുടെ മണം.

ഒരുനൂറു ചങ്ങലകള്‍ കൊണ്ട്

വരിഞ്ഞു മുറുക്കിയിട്ടും

എന്റെ ചിന്തകള്‍ ആകാശം തന്നെ

തേടി  കൊണ്ടിരിക്കുന്നത്

അവരുടെ കൊഴിഞ്ഞുവീണ

ചിറകുകള്‍ കൊണ്ടാണ്.

Wednesday, May 18, 2016

ദീവാനി മക്ഫി

നേരെ വന്നവനോട് ചോദിച്ചു, എവിടെയാണെന്റെ സാലിംഖേര്‍?, എവിടെയാണെന്റെ ഷാജഹാനാബാദ്?.

അവന്‍ ഒന്നും മിണ്ടിയില്ല.
നെഞ്ച് പൊളിച്ചു നോക്കിയപ്പോള്‍ കണ്ടത് ആകാശമായിരുന്നില്ല പകരം അരുമയായ ഒരു കിളിക്കൂടായിരുന്നു!.
യാ..അല്ലാഹ്.....
ഇതല്ല, ഇതല്ലയെന്റെ സാലിംഖേര്‍....

ഹൃദയരക്തം പുരണ്ട കൈകളുമായി വീണ്ടും അലച്ചില്‍.
എന്റെ തടവറ തേടി...
എവിടെയാണെന്റെ സാലിംഖേര്‍?, എവിടെയാണെന്റെ ഷാജഹാനാബാദ്?...




##ദീവാനി മക്ഫി
ഔറംഗസേബിന്റെ പുത്രി സൈബുന്‍നിസായുടെ കവിതകള്‍

ശവംതീനി ഉറുമ്പുകള്‍

വേട്ടക്കാരന് വിശപ്പില്ലായിരുന്നു

മോഹം മാത്രമായിരുന്നു ,

ഇരയ്ക്ക് വിലയില്ലായിരുന്നു

ചോര മാത്രമായിരുന്നു ,

വിശപ്പടക്കാന്‍ ശവം തിന്നുന്ന

ഉറുമ്പുകള്‍ക്ക് മാത്രമായിരുന്നു

അനുസരണയും സ്നേഹവും.

ചതഞ്ഞ മാംസകഷ്ണങ്ങള്‍ പെറുക്കി

അവര്‍ എത്ര അച്ചടക്കത്തോടെയാണ്

തിരിച്ചു നടക്കുന്നത്!!!!

Monday, September 21, 2015

പെണ്ണുടലിനോട് ( പെണ്ണ് ഉടലിനോട് )

എന്റെ ഉടലേ
എവിടെയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക?

ഉടുക്കുമ്പൊഴും,
നടക്കുമ്പൊഴും,
ഇരിക്കുമ്പാഴും,
പൊതിയണം..
ഒതുക്കണം..
മറയ്ക്കണം..

എന്തിനേറെ.,
ഉറങ്ങുമ്പൊള്‍ പോലും
നിന്നെ ചുമന്നെന്റെ
ചിന്ത വലയുന്നു.

എന്റെ ഉടലേ
എവിടയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക...?