Monday, September 21, 2015

പെണ്ണുടലിനോട് ( പെണ്ണ് ഉടലിനോട് )

എന്റെ ഉടലേ
എവിടെയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക?

ഉടുക്കുമ്പൊഴും,
നടക്കുമ്പൊഴും,
ഇരിക്കുമ്പാഴും,
പൊതിയണം..
ഒതുക്കണം..
മറയ്ക്കണം..

എന്തിനേറെ.,
ഉറങ്ങുമ്പൊള്‍ പോലും
നിന്നെ ചുമന്നെന്റെ
ചിന്ത വലയുന്നു.

എന്റെ ഉടലേ
എവിടയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക...?

Sunday, September 20, 2015

വളർത്തുകാട്

കയ്യും കാലും പതുക്കെ നീട്ടി നീട്ടി വളരുകയായിരുന്നു കാട്.
 മേരിയുടെ ഓർമ്മകളിലേയ്ക്ക് കറുത്ത പച്ചപ്പിന്റെ നിഴൽ വീഴ്ത്തി , വേദനകളിലെയ്ക്ക് വേരുകളെ നൂണ്ടിറക്കിക്കൊണ്ട് അത് പതുക്കെ വളർന്നു .


വെള്ള കമ്മീസിട്ടു ഓടി നടന്നിരുന്ന പ്രായത്തിൽ നെല്ലിക്കാ വീഴ്ത്തിയും കള്ളിമുള്ള് ഓടിച്ചും കാടും അവളുടെ കൂടെ കളിച്ചിരുന്നു .കുന്നിക്കുരു ഒരു വിസ്മയം ആകുന്നതിനു മുൻപേ അവളുടെ ചങ്ങാതിയായിരുന്നു .

അഴിച്ചിട്ട കോലൻ മുടിയിലേക്ക് ഇലഞ്ഞിപൂക്കളിരുത്തിട്ടും ഇല്ലിപടർപ്പുകളിൽ മധുരം ഒളിച്ചു വെച്ചും കാലിൽ  മുള്ളുതറപ്പിച്ചും അവളുടെ യൗവ്വനവും കാട് ആഘോഷിച്ചിരുന്നു.

പക്ഷെ അപ്പൻ കൈ പിടിച്ചേൽപ്പിച്ചയാൾ അവൾക്ക് സ്ത്രീധനം കൊടുത്ത കാട് കണ്ടില്ല,മരങ്ങളെ കണ്ടു . ആ കാട്ടിലേയ്ക്ക് കാലെടുത്തു വയ്ക്കാൻ അയാൾക്ക് പേടിയായിരുന്നു .പകരം മരം വെട്ടാൻ പണിക്കാരു വന്നു .

അന്നു മുതലാണ്‌ മേരി ആ കാടിനെ തന്റെ ഉള്ളിൽ വളർത്താൻ തുടങ്ങിയത് .
അവളുടെ ചിന്തകൾക്ക് കാട് തണൽ  വിരിച്ചു, മൌനത്തിനു ശ്രുതിയിട്ടു .
അങ്ങനെ വെള്ളവും വളവും കൊടുത്ത് നഗരത്തിലെ ഇരുപത്തിമൂന്നാം നിലയിലെ അടച്ചിട്ട മുറിയിൽ മേരിയുടെ കാട് വളർന്നു കൊണ്ടിരുന്നു

Saturday, March 21, 2015

ആധുനിക കഥ


"ഹലോ...  ആ ടീച്ചറേ ഇതു ഞാനാ മാസികേന്ന്. 
ഒരു കഥ വേണായിരുന്നു, വിഷുസ്പെഷ്യല്‍ പതിപ്പിലേയ്ക്കാ..  ഇത്തിരി ആധുനികമായിക്കോട്ടെ.

സ്ഥിരം നൊസ്റ്റാള്‍ജിക് ഐറ്റം പ്രൊഫസര്‍ സര്‍ ഏറ്റിട്ടുണ്ട്,
അപ്പൊപിന്നെ ആധുനികത്തിന് ടീച്ചറാ നല്ലെതെന്നു തോന്നി,
അതുമല്ലാ ഇപ്പഴത്തെ പെണ്‍പക്ഷത്ത് ടീച്ചറല്ലാതെ വേറെയാരാ എഴുതാനുള്ളേ..

പിന്നേ ആ ഡെല്‍ഹി കേസു വേണ്ടാട്ടൊ..,  നാട്ടിലേതായാലും വല്ല്യ ഗുണമില്ല , ഇതിന്റെയൊക്കെ ഊരും പേരുമല്ലേ മാറുന്നുള്ളൂ  സംഗതിയൊക്കെ ഒന്നു തന്നെ.

അല്ലാ ... വേറൊന്നും കൊണ്ടല്ലാ ... ഒരു സ്കോപ്പില്ലാ ,  ഇപ്പഴത്തെ ന്യൂ ജെന്‍ പിള്ളേരു മൊത്തം അതിന്മേലാ പണിയുന്നേ ..
വായനക്കാര്‍ക്കും വേണ്ടേ ഒരു ചേഞ്ച്.

പിന്നെ ടീച്ചറെ പോലുള്ളോര്‍ക്ക് എഴുതാന്‍ ഒരു സബ്ജെക്ട് തിരഞ്ഞു നടക്കേണ്ട ആവശ്യോമില്ലല്ലോ..  അതാണല്ലൊ ടീച്ചര്‍ടെ എഴുത്തിന്റെ ഒരു ഇത് . 

അപ്പൊ എല്ലാം പറഞ്ഞപോലെ അടുത്തയാഴ്ച്ച ഞാന്‍ ചെക്കുമായിട്ടു വരാം."

കറ


"അമ്മമ്മേ എനിക്കീ മരത്തിനൊരു പേരിടണം "
സ്കൂളില്‍ നിന്നു കിട്ടിയ മരം നടുകയായിരുന്നു ടീച്ചറും പേരക്കുട്ടിയും .

"ഇതിന്റെ പേര് ഞാവല്‍ ന്നാ ലച്ചൂ ."

"അതല്ലമ്മമ്മേ .. ഇത് എനിക്ക് കിട്ടിയ മരമല്ലേ , എന്റെ സ്വന്തം മരം അപ്പൊ എനിക്കിതിന് സ്വന്തായിട്ടൊരു പേരിട്ടു വിളിക്കണം.."

"ഓഹോ .....
അങ്ങനെയാണോ ..
ശെരിയെന്നാ നീയീ മരത്തിനെ സൈനൂന്നു വിളിച്ചോ.."
( ടീച്ചറുടെ ഓര്‍മ്മകളില്‍ ഞാവല്‍ കറയില്‍ നീലിച്ച നാവും സുറുമയിട്ട മിഴികളും തെളിഞ്ഞു.)

"അയ്യേ ഈ അമ്മമ്മയ്ക്കെന്താ മരത്തിനാരേലും മുസ്ലീം പേരിട്വൊ.."

"അതെന്താ ..?"

"മരങ്ങളൊക്കെ ഹിന്ദുക്കളല്ലേ അമ്മമ്മേ പിന്നെങ്ങെന്യാ വേറെ ജാതിപ്പേരിടാ.."

"ആരാപ്പൊ ഇങ്ങന്വൊക്കെ നെന്നോട് പറഞ്ഞേ..?"

"സ്കൂളിലെ സൂരജേട്ടന്‍ പറഞ്ഞൂല്ലോ മരങ്ങളു മാത്രല്ലാ ജന്തുക്കളും പുഴകളും ഒക്കെ നമ്മടെ ആളോളാ .
ബാക്കി മതക്കാരൊക്കെ പിന്നെ വന്നോരാത്രേ .
അതല്ലേ പശൂനും പൂച്ചയ്ക്കൊക്കെ ഹിന്ദുക്കള്‍ടെ പേരിടണേ.. "

(ലച്ചൂന്റെ നാവിലെ കറ ഞാവലിന്റെയല്ല എന്നറിഞ്ഞപ്പൊള്‍ അറുത്തുകളയാന്‍ തോന്നി ടീച്ചര്‍ക്ക്)

Wednesday, March 11, 2015

Googlization




Where Google knows everything,
I don't even know my neighbors..