Tuesday, February 25, 2014

ആന റാഞ്ചി പക്ഷിയുടെ തൂവലിനെ കുറിച്ചായിരുന്നു 
നാം ആദ്യമായി കലഹിച്ചത് 
പിന്നെ നീല ഞരമ്പിന്റെ വേദനയെ ചൊല്ലി 
നിലാവിന്റെ നിറത്തെ ചൊല്ലി ..
ശംഖു പുഷ്പത്തിന്റെ ഇതളുകൾ .....
കാറ്റിനോട് എനിക്കുള്ള രഹസ്യ പ്രണയം.. 
ഒറ്റാലിൽ പെടാതെ പോയ പോടി മീനുകൾ .
മഴയുടെ പിതൃത്വം ...
അങ്ങിനെയങ്ങിനെ എത്ര നാം കലഹിച്ചുു .!
തീർത്തതും തോര്ന്നതും 
ഇനിയും ബാക്കി  വച്ചതും
എത്രയുണ്ടെന്നൊന്നു എണ്ണി  നോക്കണം 
എന്റെതും നിന്റെതും (ഞാനും നീയും ) 
എന്തോരം പിഴച്ചു (പൊറുത്തു ) എന്ന് അപ്പോഴറിയാം....


Monday, February 24, 2014

പറഞ്ഞു പറഞ്ഞു ഞാനും  
കേൾക്കാതെ കേൾക്കാതെ നീയും 
മടുത്തിരിക്കുന്നു...

ഒരറ്റത്ത് നിന്നും പുതിയ നിറങ്ങൾ  ഒലിച്ചിറങ്ങാൻ 
തുടങ്ങിയത്  കാണാതെ കാണാതെ 
കണ്ണു പൊത്തിയിരിക്കാൻ തുടങ്ങിയിട്ടും 
നാളേറെ ആയില്ലേ..

 ഇനി നമുക്ക് മായ്ച്ചുു തുടങ്ങാം
- ഒരറ്റത്ത് നിന്നും .
മായ്ച്ചു മായ്ച്ചു 
പുതിയത് വരയ്ക്കാം ....
അല്ലെ......

Thursday, February 20, 2014

ഇനി കണ്ണടച്ചാൽ മാത്രം പോരാ ,
നിന്നെ കാണാതിരിക്കുവാൻ കൂടി പഠിക്കണം .
നിന്നെ പ്രണയിക്കാതിരിക്കാനുള്ള
കാരണങ്ങൾ തിരഞ്ഞു  പിടിക്കണം  

Wednesday, December 18, 2013

ഇനി നീയെന്നെ 
ഓർമ്മിക്കുമ്പോൾ 
നിന്റെ മുറിയുടെ 
ജനൽപാളികൾ തുറന്നിടുക .
പിരിയുമ്പോൾ 
നാം പറയാതെ 
ബാക്കി വച്ചതെല്ലാം 
ഞാൻ കാറ്റിന്റെ കൈവശം
 കൊടുത്തയച്ചിട്ടുണ്ട് . 
ഒരു പക്ഷെ 
അവന്റെ ചൂളം വിളികൾ 
നിന്നെ ഉണർത്തിയില്ലെങ്കിലോ.... 
നീ ജനൽ പാളികൾ തുറന്നു തന്നെയിട്ടെക്കുക...

Friday, November 15, 2013

കൂട്ടിമുട്ടാനൊരു നിയമമില്ലാതെ
ആകാശത്തോളം അതിരും വരച്ച്
പായുന്ന മൌനത്തിന്റെ
രണ്ടു ചരടറ്റങ്ങളാണ്  നാം..