ചിലപ്പോ അങ്ങിനെയാണ് ,
ആൾ കൂട്ടത്തിനു ഒത്ത നടുവിലിരിക്കുമ്പോഴായിരിക്കും
കണ്ണും കാതും മലര്ക്കെ തുറന്നിട്ട് തന്നെ
കാഴ്ചയും കേൾവിയും
ഉമ്മറ വാതിലും വരാന്തയും അടച്ചു പൂട്ടി ,
മച്ചിൻ പുറത്തെക്ക് വലിഞ്ഞു കേറി പോകുന്നത് .
കട വാവലിന്റെ ചൂരഉള്ള ഇരുട്ടിൽ
കൂനി കൂടിയിരുന്നു ഓർമ്മകൾ രാകി മിനുക്കാൻ തുടങ്ങും..
ശാപം പിടിച്ച തിളക്കവും പേറി
പുറത്തിറങ്ങും പിന്നെ ഓർമ്മകൾ...
ഒരു പ്രേതം കണക്കെ
സ്വൈര്യം തരാതെ അങ്ങുമിങ്ങും പറന്നു നടക്കും..
ഇനി ഒരിക്കലും തുറക്കാൻ പറ്റാത്ത ഒരു താഴിടണം
മച്ചിന്റെ വാതിലിന് ....
അല്ലെങ്കിലും അത് ചിലപ്പോ അങ്ങനെ തന്നെയാണ്
ആന റാഞ്ചി പക്ഷിയുടെ തൂവലിനെ കുറിച്ചായിരുന്നു
നാം ആദ്യമായി കലഹിച്ചത്
പിന്നെ നീല ഞരമ്പിന്റെ വേദനയെ ചൊല്ലി
നിലാവിന്റെ നിറത്തെ ചൊല്ലി ..
ശംഖു പുഷ്പത്തിന്റെ ഇതളുകൾ .....
കാറ്റിനോട് എനിക്കുള്ള രഹസ്യ പ്രണയം..
ഒറ്റാലിൽ പെടാതെ പോയ പോടി മീനുകൾ .
മഴയുടെ പിതൃത്വം ...
അങ്ങിനെയങ്ങിനെ എത്ര നാം കലഹിച്ചുു .!
തീർത്തതും തോര്ന്നതും
ഇനിയും ബാക്കി വച്ചതും
എത്രയുണ്ടെന്നൊന്നു എണ്ണി നോക്കണം
എന്റെതും നിന്റെതും (ഞാനും നീയും )
എന്തോരം പിഴച്ചു (പൊറുത്തു ) എന്ന് അപ്പോഴറിയാം....
പറഞ്ഞു പറഞ്ഞു ഞാനും
കേൾക്കാതെ കേൾക്കാതെ നീയും
മടുത്തിരിക്കുന്നു...
ഒരറ്റത്ത് നിന്നും പുതിയ നിറങ്ങൾ ഒലിച്ചിറങ്ങാൻ
തുടങ്ങിയത് കാണാതെ കാണാതെ
കണ്ണു പൊത്തിയിരിക്കാൻ തുടങ്ങിയിട്ടും
നാളേറെ ആയില്ലേ..
ഇനി നമുക്ക് മായ്ച്ചുു തുടങ്ങാം
- ഒരറ്റത്ത് നിന്നും .
മായ്ച്ചു മായ്ച്ചു
പുതിയത് വരയ്ക്കാം ....
അല്ലെ......
ഇനി കണ്ണടച്ചാൽ മാത്രം പോരാ ,
നിന്നെ കാണാതിരിക്കുവാൻ കൂടി പഠിക്കണം .
നിന്നെ പ്രണയിക്കാതിരിക്കാനുള്ള
കാരണങ്ങൾ തിരഞ്ഞു പിടിക്കണം
ഇനി നീയെന്നെ
ഓർമ്മിക്കുമ്പോൾ
നിന്റെ മുറിയുടെ
ജനൽപാളികൾ തുറന്നിടുക .
പിരിയുമ്പോൾ
നാം പറയാതെ
ബാക്കി വച്ചതെല്ലാം
ഞാൻ കാറ്റിന്റെ കൈവശം
കൊടുത്തയച്ചിട്ടുണ്ട് .
ഒരു പക്ഷെ
അവന്റെ ചൂളം വിളികൾ
നിന്നെ ഉണർത്തിയില്ലെങ്കിലോ....
നീ ജനൽ പാളികൾ തുറന്നു തന്നെയിട്ടെക്കുക...