ഒരിക്കൽ കൂടി തോൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു -
നിന്നെ പ്രണയിച്ചുകൊണ്ട്....
ഒരിക്കൽ കൂടി നോവാൻ ഞാൻ കാത്തിരിക്കുന്നു
നിന്റെ തിരസ്കാരം കൊണ്ട്....
(എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത് ?
നിന്നെ പ്രണയിക്കുവാൻ ആരുടേയും അനുവാദം
എനിക്കവശ്യമില്ല -നിന്റെ പോലും )
ഇത് വരേയ്ക്കും എഴുതാത്ത
ഒരു കത്തുണ്ടെടോ നിനക്ക് തരാൻ .
ഇനിയും പോസ്റ്റ് ചെയ്യാത്ത ഒന്ന് .
കാറ്റ് പോലെ ഇടയ്ക്കിടയ്ക്
ചോദിക്കാതെ വരുന്ന
പനിചൂടിൽ പിറുപിറുക്കുന്നതും
വിഷാദം പൂക്കുമ്പോൾ
തേങ്ങികരയുന്നതും
പാതിരാത്രിയ്ക്കൊരു
നിമിഷത്തിന്റെ ഭ്രാന്തിൽ
പാടുന്ന കവിതയും
എല്ലാം... എല്ലാം
നീല കടലാസിലെയ്ക്കൊപ്പാറുണ്ട് ഞാൻ
നിന്റെ മേൽവിലാസത്തിലെയ്ക്കായ് ...
ഇനിയുള്ളത് എന്റെ പ്രണയമാണ്
എത്ര ആഴത്തിൽ നീന്തിയാലും
അകം കാണാനാവാത്ത ,
മഷി പടർന്നു കുതിർന്നു പിഞ്ഞിയ
ഒരു നീല കടലാസ്.
അതിൽ .....
അതിലെന്തെഴുതാനാണ് ഞാൻ ?!
അങ്ങ് ദൂരെ പറുദീസാ കാഴ്ചകളുടെ താഴ് വാരത്തിൽ
ഒരിക്കൽ പോലും വീശാത്ത ഒരു കാറ്റുണ്ട് ..
ഇനിയും വിരിയാത്ത ഒരു പാട് സ്വപ്നങ്ങളുടെ
ഗന്ധo ചുമക്കുന്ന കാറ്റ് ...
ഒരിക്കൽ പോലും പാടാത്ത മുളന്തണ്ടുകളിൽ
ചുണ്ടമർത്താനുള്ള ആ കാറ്റിന്റെ
കൊതിയിന്മേലാണ്
ഞാൻ നിനക്കുള്ള പ്രണയ ലേഖനം
എഴുതി വച്ചിരിക്കുന്നത് ....
ചില ബന്ധങ്ങൾ അങ്ങിനെയാണ് ,
എത്ര ഉപ്പിട്ട് തിളപ്പിച്ചാലും ,
മഞ്ഞളിട്ട് വാട്ടിയാലും ,
പച്ച ചുവച്ചു കൊണ്ടേയിരിക്കും !!!
ചിലപ്പോ അങ്ങിനെയാണ് ,
ആൾ കൂട്ടത്തിനു ഒത്ത നടുവിലിരിക്കുമ്പോഴായിരിക്കും
കണ്ണും കാതും മലര്ക്കെ തുറന്നിട്ട് തന്നെ
കാഴ്ചയും കേൾവിയും
ഉമ്മറ വാതിലും വരാന്തയും അടച്ചു പൂട്ടി ,
മച്ചിൻ പുറത്തെക്ക് വലിഞ്ഞു കേറി പോകുന്നത് .
കട വാവലിന്റെ ചൂരഉള്ള ഇരുട്ടിൽ
കൂനി കൂടിയിരുന്നു ഓർമ്മകൾ രാകി മിനുക്കാൻ തുടങ്ങും..
ശാപം പിടിച്ച തിളക്കവും പേറി
പുറത്തിറങ്ങും പിന്നെ ഓർമ്മകൾ...
ഒരു പ്രേതം കണക്കെ
സ്വൈര്യം തരാതെ അങ്ങുമിങ്ങും പറന്നു നടക്കും..
ഇനി ഒരിക്കലും തുറക്കാൻ പറ്റാത്ത ഒരു താഴിടണം
മച്ചിന്റെ വാതിലിന് ....
അല്ലെങ്കിലും അത് ചിലപ്പോ അങ്ങനെ തന്നെയാണ്