Wednesday, December 18, 2013

ഇനി നീയെന്നെ 
ഓർമ്മിക്കുമ്പോൾ 
നിന്റെ മുറിയുടെ 
ജനൽപാളികൾ തുറന്നിടുക .
പിരിയുമ്പോൾ 
നാം പറയാതെ 
ബാക്കി വച്ചതെല്ലാം 
ഞാൻ കാറ്റിന്റെ കൈവശം
 കൊടുത്തയച്ചിട്ടുണ്ട് . 
ഒരു പക്ഷെ 
അവന്റെ ചൂളം വിളികൾ 
നിന്നെ ഉണർത്തിയില്ലെങ്കിലോ.... 
നീ ജനൽ പാളികൾ തുറന്നു തന്നെയിട്ടെക്കുക...

Friday, November 15, 2013

കൂട്ടിമുട്ടാനൊരു നിയമമില്ലാതെ
ആകാശത്തോളം അതിരും വരച്ച്
പായുന്ന മൌനത്തിന്റെ
രണ്ടു ചരടറ്റങ്ങളാണ്  നാം..  

Tuesday, October 29, 2013

Photo: Gkrish Photography

മഷിയൊഴിഞ്ഞ പേനയുമായി
അലയുമ്പോഴാണ്
ജീവിതം മുഴുവൻ
തൂവാൻ മഷിയെഴുതിയ
നിന്റെ കണ്ണുകളിലുടക്കിയത് .....




Photo Courtesy : "She " - Gkris  photography  

Wednesday, October 23, 2013

ഈ നാല് ചുവരുകൾക്കുള്ളിൽ 
ഞാനെന്റെ മൌനത്തെ ചങ്ങലക്കിടുന്നു. 
( ചങ്ങലക്കും ഭ്രാന്ത് പകര്ന്നു 
മൂർചിക്കും വരെക്കെയ്ങ്കിലും.... )


നിനക്കായി എഴുതി വച്ചവയത്രയും 
കനലെരിച്ച നേരം ഉയിർതെഴുന്നെറ്റതീ 
നീല ശലഭങ്ങൾ . 
നിഴൽ  മാത്രം വഴി തെളിക്കും  
നിന്റെ കൂട്ടിൽ ഒളിച്ചു വയ്ക്കുകയിവയെ.
( ചിറകടിക്കാതെ , ഇമയനക്കാതെ , ഉയിരുലക്കാതെ....)


ഒടുവിലീ  ചങ്ങല കണ്ണികളും 
അറുത്തെന്റെ  മൌനം പതഞ്ഞൊഴുകുന്ന നാൾ 
തുറന്നു വിട്ടേയ്ക്കയെൻ  നീല ശലഭങ്ങളെ ... 
( അതിരില്ലാത്ത ആകാശത്തേക്ക് , 
നിലയില്ലാത്ത ഒഴുക്കിലേക്ക്, 
ആഴമറിയാത്ത ഹൃദയത്തിലേക്ക് ...)

Saturday, October 5, 2013

ഏറെയില്ലെങ്കിലും 
ഭാരം തന്നെയാണ്   
നിന്റെ ഓർമ്മകൾ ,
പെയ്യുന്നില്ലെങ്കിലും 
മഞ്ഞു തന്നെയാണ് 
നിന്റെ വാക്കുകൾ, 
നേരമില്ലെങ്കിലും 
നോവ്‌ തന്നെയാണ് 
നമ്മുടെ പ്രണയവും 

Sunday, September 29, 2013

ഒരു ഞൊടിയുടെ  നിശബ്ദത കൊണ്ട്

 നീ എറിഞ്ഞുടച്ചത്‌ എന്റെ പ്രണയമാണ് .

ചിതറി തെറിചോരായിരം

 ചില്ല് കഷ്ണങ്ങൾക്കിടയിൽ

 ശ്വാസം കിട്ടാതെ പിടഞ്ഞു ചത്തതും

 എനിക്ക് നിന്നോടുള്ള പ്രണയമാണ് .

വെളിച്ചം വീഴാത്ത കണ്ണുകള തുറിച്ചു പിടിച്ച് , 

ജീവന്റെ അവസാന ശ്വാസവും വലിച്ചെറിഞ്ഞ് 

ഇരുട്ടിന്റെ തണുപ്പും പുതച് ,

 വീർത്ത് മലച്ചു കിടക്കുന്നുണ്ടതിപ്പോഴും അവിടെ ,.

ഉറുമ്പുകൾക്ക് പോലും വേണ്ടാതെ , ചിതലുകൾ തിന്നാതെ , 

എന്റെ പ്രണയത്തിന്റെ സ്മാരക ശിലയായി......


നിന്റെ കൂടാകാൻ 
എനിക്കായില്ല , 
എന്റെയാകാശമാകാൻ നിനക്കും,
എന്നിട്ടും നാം പ്രണയിക്കുന്നു -
 ഭ്രാന്തമായി ..... 

മൌനം പടര്ന്നു പടര്ന്നു ഒരു തൊട്ടാവാടി കാടായിരിക്കുന്നു ഉള്ളിൽ  കാലെടെത്തു വയ്ക്കുമ്പോൾ സൂക്ഷിക്കുക..........

Monday, September 2, 2013

ഒരു വാക്കിന്റെ
 അകലത്തിലാണ് 
നാം ഒറ്റയായത് ,
ഊതിയുരുക്കി 
തല്ലി  പതം  വരുത്തി 
മിനുക്കിയെടുത്ത 
ഒരേയൊരു 
വാക്കിന്റെയകലത്തിൽ..

Tuesday, August 20, 2013

പ്രണയം

 നിനക്ക് വേണ്ടി ഞാൻ

ഈ വാക്കിവിടെ

മറന്നു വയ്ക്കുന്നു..


 

Saturday, August 10, 2013

ഞായറാഴ്ച കാഴ്ച

ഉമ്മറകോലായിൽ 
മാതൃഭൂമി- 
വിഴുപ്പു നാറുന്നു .


സ്വീകരണ മുറിയില്  
സുരേഷ് ഗോപി -
സത്യവും ധര്മ്മവും ഗർജ്ജിക്കുന്നു .


കണ്ണാടിക്കു മുൻപിൽ 
ഫെയർ & ലൌലി 
മുഖം മിനുക്കുന്നു .


അടുക്കളയലമാരിയിൽ 
കൊളസ്ട്രോളും ഷുഗറും
ആര്തുചിരിക്കുന്നുണ്ട് . 


അടുപ്പിൻ കരയിൽ  
പൊട്ടിയും ചീറ്റിയും 
ഒരു പച്ച വിറകിന് കൊള്ളി-
പാതി കത്തി , പാതി വെന്ത് ..

Saturday, July 20, 2013

കരഞ്ഞു തീര്ക്കാതെ 
കരളില് കാത്തു വച്ച
മൗനത്തിന്റെ രണ്ടു കണങ്ങളാണ്
നീയും നിന്റെ പ്രണയവും.
നിറഞ്ഞു പെയ്തിട്ടും 
നീ അറിയാതെ പോയ
മേഘമായ് ഞാനും.....
മൌനത്തിന്റെ രണ്ടു യുഗങ്ങളിൽ 
പെയ്തു തോര്ന്നു നാം മരിക്കുന്നു .
ഒരിക്കലും ഒരുമിച്ചൊരു മഴവില്ലു വരയ്കാനാകാതെ.....

Friday, July 19, 2013

ആറ്റിക്കുറുക്കി  
ഞാന്  എന്തെഴുതിയാലും 
അതിൽ  ഉപ്പോളംനീ
അലിഞ്ഞു ചേരുന്നു
കടലോളം ഞാനും....

Monday, July 15, 2013

നീയും ജനുവരിയുടെ നഷ്ടകണക്കിൽ അലിഞ്ഞു
നിര്ജ്ജീവമായ നിന്റെ ശരീരം നോക്കി
 അവർ വിലപിച്ചു
ശോഷിച്ച പാദങ്ങളിൽ വന്ദിച്ചു .
ഒടുവിലൊരു തിരിനാളത്തിൽ
ചന്ദന സുഗന്ധമായി
പുകയുമ്പോഴും
പതിട്ടണ്ടുകൽക്കപ്പുറത്തെ
മഞ്ഞച്ച ഒരോര്മ്മ ചിത്രത്തിൽ
നീ പുഞ്ചിരിക്കുന്നു


നഷ്ടപെട്ട ഗുൾമോഹറിനെ പറ്റി 
വരും വസന്തവും എന്നോട് ചോദിക്കും 
ഉത്തരമില്ലാതെ ഞാനുരുകുമ്പോൾ 
വരിക നീ പേമാരിയായ്‌ 
എന്റെ കണ്ണുനീര് മറയ് ക്കുവാൻ 

Wednesday, July 10, 2013


പ്രണയം പകര്ന്നു ,
ഹൃദയം നുകർന്ന് ,
ഉയിരും പറിച്ചു നീ പോയി -
ധര്മം പുലര്തുവാൻ.....


Tuesday, July 9, 2013

HOUSE WIFE

രാവും പകലും 
ചന്ദ്രന ഭൂമിയെ എന്ന പോലെ 
അവൾ അയാൾക്ക്‌ ചുറ്റും വലം വച്ചു . 
രാത്രിയില അവൾ നിലാവും 
അവൻ കവിയുമായി , 
പകല് അവൾ 
അവന്റെ നിഴലിൽ ഒളിച്ചിരുന്നു , 
അയാള് ആര്ത്തിയോടെ 
സൂര്യ പ്രഭയെ ചുംബിച്ചു .

Tuesday, July 2, 2013

വേളി

ഒരു പച്ച പൂപ്പലു പോലെ 

പടര്ന്നു പടര്ന്നു 

നീയെന്നെ വരിഞ്ഞു മുറുക്കുന്നു. 

പഴയതിന്റെ കൂട്ടത്തിലേക്ക് തള്ളിയിടുന്നു. 

ക്ലാവു പിടിച്ചോരോട്ടുപാത്രം പോലെ 

ഇരുട്ടിൽ ..വാർദ്ധക്യത്തിന്റെ മുറുമുറുപ്പുകൾക്കിടയിൽ,

വിയര്പ്പു പറ്റി മുഷിഞ്ഞ നേര്യതിന്റെ കോന്തലയിൽ 

നീയെന്നെ കെട്ടിയിടുന്നു.

രാധാമാധവം

ഈ ജന്മത്തിലും നീ കൃഷ്ണനും ഞാൻ രാധയുമായി തന്നെ ജനിച്ചു
ഒരു നിശ്വാസത്തിനിരു പുറം  നാം ജീവിക്കുന്നു 
എങ്കിലും യുഗങ്ങൾ കൊണ്ടളക്കാവുന്ന ദൂരം നമുക്കിടയിലിന്നും ബാക്കി....

ഒന്നാം തിരുമുറിവ്


ഈ സന്ധ്യയുടെ ചുമപ്പിനൊപ്പം 
 എന്നിലെ ദേവാംശം മായ്ഞ്ഞു പോകുന്നു...
ഇനിയെൻറെ പകലിനും രാത്രികൾക്കും 
 വിഷാദത്തിന്റെ നിറം മാത്രം...
ഈ നിമിഷത്തിനപ്പറം ഞാൻ മാത്രമാകുന്നു 
എന്നിലെ ദേവാംശം മാഞ്ഞു പോകുന്നു  

Friday, June 28, 2013

മഴപെയ്ത്ത്














ഞാനീ പെയ്തു  കൂട്ടിയതു മുഴുവനും
നിൻറെയീ രണ്ടു  കണ്ണിലൊളിപ്പിക്കാനെ
ഉണ്ടായിരുന്നുള്ളൂ !!!!....
നിൻറെ ഓരോ സ്നേഹ പ്രകടനത്തിലും
സ്വാർഥതയുടെ  തണുപ്പുണ്ട്.
അടക്കിപിടിച്ച ശബ്ദത്തിൽ
 ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് 
ഓരോ തവണ നീ പറയുമ്പോഴും 
അതിലുമെത്രയോ വലിയ ശബ്ദത്തിൽ
 മനസിലൂടൊരു തീവണ്ടി കടന്നു പോകും,
ഒരു വിഡ്ഢിയെ പോലെ ഞാൻ 
നിന്നെ നോക്കി  ചിരിക്കും .

Thursday, June 27, 2013

പ്രിയ്യപെട്ട സമീർ ,  
വഴി തെറ്റി വന്ന ഒരു മേഘം കണക്കെ 
നീയിന്നെൻറെ ചിന്തകളെ പൊതിഞ്ഞു.
 സ്വപ്നത്തിന്റെ പാന പാത്രം നിറയെ 
 കവിത പകർന്നവനെ നിന്നെ ഞാൻ പ്രണയിക്കുന്നു. 
 "നൈജാമാലിയുടെ ജനനവും രവിയുടെ മരണവുമെന്ന്"  
സ്വയം ചുരുക്കിയെഴുതിയവനെ ,... 
വിശുദ്ധ പ്രണയത്തിന്റെ അൾത്താരയിൽ 
പാപിയാക്കപെട്ടവനെ... 
കല്ലെറിഞ്ഞവർക്കു വേണ്ടി  
ഉറക്കെയുറക്കെ കവിത ചൊല്ലിയവനെ  
നിന്നെ ഞാൻ പ്രണയിക്കുന്നു.... 
വിഷാദം മണക്കുന്ന വരാന്തയിലൂടെ 
 ചോര ചിന്തിയ ഹൃദയവുമായി  
നീ നടന്നകന്നത്  
നീണ്ട മൌനത്തിന്റെ സിംഫണിയിലെക്കോ....

Wednesday, June 26, 2013

അക്ഷരങ്ങൾ കണക്കു പറയുന്ന ഈ ഗ്രാഫിന്റെ ഒരറ്റത്ത് ഞാൻ ആത്മഹത്യ ചെയ്യുന്നു.ഇവിടെ ഒരു രാധ പുനര്ജനിക്കുന്നു - ഉപേക്ഷിക്കപെട്ടവളല്ല , ഉപേക്ഷിച്ചവൾ .

ഈ മഴയ്ക്കപ്പുറം പെയ്യുന്ന മിഴികളിൽ നോക്കിയോ നീ?
പെയ്ഴിതൊ ഴി യുന്നതത്രയും ആരുടെ വർണ്ണങ്ങളെന്നോർത്തുവോ നീ?
ഈ നീല മിഴികളിൽ മഷി പടർത്തിയതാരുടെ കരങ്ങളെന്നറിഞ്ഞുവോ നീ? 
മഞ്ഞച്ച വൈകുന്നേരങ്ങളിൽ 
നീ പാടുമ്പൊൾ 
ആ ഗിത്താറിന്റെ കമ്പിയോ
 അലയടിക്കുന്ന ഗസലോ 
ആയെങ്കിലെന്നു ആശിച്ചു.
 ഒരു ചുവരിനിരു പുറം 
രണ്ടു ലോകങ്ങളിൽ നാം ജീവിച്ചു 
അറിയാതെയെങ്കിലും 
ഗസലലിഞ്ഞു  ചേർന്ന 
കാറ്റു മാത്രം പങ്കിട്ടെടുത്തു...



പാരിജാതം വിടർന്നതും 
പാതിരാപ്പൂ ചിരിച്ചതും 
നിന്റെ കണ്മുന്നിൽ മാത്രം ,
 പാതിജന്മം തരുന്നു ഞാൻ 
പാരിജാതങ്ങളത്രയും 
 പട്ടു പോകാതെ കാക്കു  നീ ....

Tuesday, June 25, 2013




തിരിഞ്ഞു നോക്കാതെ 
നീ പോയ്‌ക്കൊൾക
 മഥുരാ  പുരിയിലെക്ക് ,
യാത്രാ മംഗളങ്ങൾ നേരുവാൻ
 ഈ രാധ വഴിവക്കിലില്ല ,
ഓർത്തു വിലപിക്കുവാൻ 
ഇവൾക്ക് മനസുമില്ല .
കാളിന്ദിയിൽ
 നിൻറെ  കരസ്പർശത്തിൻ
 അവസാന ഓർമ്മയും 
കഴുകിക്കളഞ്ഞിരിക്കുന്നു ഇവൾ 
നടന്നു കൊൾക നീ 
അവതാര ലക്ഷ്യത്തിലേക്ക് ...

Monday, June 24, 2013



ഇതാ ഇവിടെ


ഇരുട്ടിൻറെ മാറാല തൂങ്ങിയ


ഈ നാല് ചുവരുകൾക്കുള്ളിൽ ,


പൊടി പിടിച്ചയീ തറയിൽ


എന്റെ പ്രണയത്തിന്റെ ജഡം .


ഉണങ്ങി കരിഞ്ഞ ഇലകളും,


കറുത്ത് പോയ ഇതളുകളുമായി ,


ഒരു ചുവന്ന ദിനത്തിന്റെ


ഓർമ്മയിൽ കുരുക്കിട്ട്


ശ്വാസം കിട്ടാതെ പിടഞ്ഞതിൻറെ


പാടുകളേതുമില്ലാതെ ,


യാതൊരു പരിഭവങ്ങളുമില്ലാതെ


മരിച്ചു കിടക്കുന്നു .


Wednesday, January 23, 2013

പാതി  വെന്ത മനസ്സിലും 

 വീണുടഞ്ഞ ഇന്നലെയിലും

 ചിതലരിച്ച പുസ്തകതാളിലും  

  മാഞ്ഞുപോകാത്ത ഒന്നുണ്ട് -

മൂര്‍ച്ചയുള്ള നോക്കുകൊണ്ട്  

നീ കോറിയിട്ട കവിതകള്‍.........