Sunday, September 20, 2015

വളർത്തുകാട്

കയ്യും കാലും പതുക്കെ നീട്ടി നീട്ടി വളരുകയായിരുന്നു കാട്.
 മേരിയുടെ ഓർമ്മകളിലേയ്ക്ക് കറുത്ത പച്ചപ്പിന്റെ നിഴൽ വീഴ്ത്തി , വേദനകളിലെയ്ക്ക് വേരുകളെ നൂണ്ടിറക്കിക്കൊണ്ട് അത് പതുക്കെ വളർന്നു .


വെള്ള കമ്മീസിട്ടു ഓടി നടന്നിരുന്ന പ്രായത്തിൽ നെല്ലിക്കാ വീഴ്ത്തിയും കള്ളിമുള്ള് ഓടിച്ചും കാടും അവളുടെ കൂടെ കളിച്ചിരുന്നു .കുന്നിക്കുരു ഒരു വിസ്മയം ആകുന്നതിനു മുൻപേ അവളുടെ ചങ്ങാതിയായിരുന്നു .

അഴിച്ചിട്ട കോലൻ മുടിയിലേക്ക് ഇലഞ്ഞിപൂക്കളിരുത്തിട്ടും ഇല്ലിപടർപ്പുകളിൽ മധുരം ഒളിച്ചു വെച്ചും കാലിൽ  മുള്ളുതറപ്പിച്ചും അവളുടെ യൗവ്വനവും കാട് ആഘോഷിച്ചിരുന്നു.

പക്ഷെ അപ്പൻ കൈ പിടിച്ചേൽപ്പിച്ചയാൾ അവൾക്ക് സ്ത്രീധനം കൊടുത്ത കാട് കണ്ടില്ല,മരങ്ങളെ കണ്ടു . ആ കാട്ടിലേയ്ക്ക് കാലെടുത്തു വയ്ക്കാൻ അയാൾക്ക് പേടിയായിരുന്നു .പകരം മരം വെട്ടാൻ പണിക്കാരു വന്നു .

അന്നു മുതലാണ്‌ മേരി ആ കാടിനെ തന്റെ ഉള്ളിൽ വളർത്താൻ തുടങ്ങിയത് .
അവളുടെ ചിന്തകൾക്ക് കാട് തണൽ  വിരിച്ചു, മൌനത്തിനു ശ്രുതിയിട്ടു .
അങ്ങനെ വെള്ളവും വളവും കൊടുത്ത് നഗരത്തിലെ ഇരുപത്തിമൂന്നാം നിലയിലെ അടച്ചിട്ട മുറിയിൽ മേരിയുടെ കാട് വളർന്നു കൊണ്ടിരുന്നു

5 comments:

  1. ചിലത് നഷ്ടപ്പെടുമ്പോള്‍ നാമത് നമ്മുടെ ഉള്ളില്‍ വളര്‍ത്തുന്നു.......
    നഷ്ടപ്പെടാതെ വരിഞ്ഞു മുറുക്കുന്നു.......
    തെളിമയുള്ള രചന...... നന്മകള്‍ കെടാതിരിക്കട്ടെ .....ആശംസകൾ.. നേരുന്നു....

    ReplyDelete
  2. ഇടയ്ക്കിടെ ഇവിടെ വന്നെത്തി നോക്കാറുണ്ട്..ചുരുങ്ങിയ വരികളിലെ ആസ്വാദനത്തിനു..ഇതും കൊള്ളാം..

    ReplyDelete
  3. വിനോദ് സറിനും രാജാവിനും വളരെ നന്ദി :)

    ReplyDelete
  4. ഭദ്ര, ഈ എഴുത്ത് നന്നായിരിക്കുന്നു. കാട് കാണണമെന്ന്, പൂക്കൾ കാണണമെന്ന്, ആകാശം കാണണമെന്ന്, കടൽ കാണണമെന്ന്, ഒന്നും ആഗ്രഹം തോന്നാത്ത കുട്ടികളെ വളർത്തിയെടുക്കുന്ന ഫ്ലാറ്റുകളുടെ വിരസത അടുത്തറിയുന്നു . നഷ്ടപ്പെടുന്നതിനെ തൻറെ ഉള്ളിൽ വളർത്തുന്ന വിദ്യ നമ്മുടെ കുട്ടികൾക്കും പറഞ്ഞു കൊടുക്കാവുന്നതാണ്. അതിന് നഷ്ടപ്പെടുന്നത് എന്താണെന്നും അവർ അറിയുന്നില്ലല്ലോ അല്ലേ !

    ReplyDelete
  5. കാട് വളരുകയോ തളരുകയോ...???

    ReplyDelete