Saturday, March 21, 2015

കറ


"അമ്മമ്മേ എനിക്കീ മരത്തിനൊരു പേരിടണം "
സ്കൂളില്‍ നിന്നു കിട്ടിയ മരം നടുകയായിരുന്നു ടീച്ചറും പേരക്കുട്ടിയും .

"ഇതിന്റെ പേര് ഞാവല്‍ ന്നാ ലച്ചൂ ."

"അതല്ലമ്മമ്മേ .. ഇത് എനിക്ക് കിട്ടിയ മരമല്ലേ , എന്റെ സ്വന്തം മരം അപ്പൊ എനിക്കിതിന് സ്വന്തായിട്ടൊരു പേരിട്ടു വിളിക്കണം.."

"ഓഹോ .....
അങ്ങനെയാണോ ..
ശെരിയെന്നാ നീയീ മരത്തിനെ സൈനൂന്നു വിളിച്ചോ.."
( ടീച്ചറുടെ ഓര്‍മ്മകളില്‍ ഞാവല്‍ കറയില്‍ നീലിച്ച നാവും സുറുമയിട്ട മിഴികളും തെളിഞ്ഞു.)

"അയ്യേ ഈ അമ്മമ്മയ്ക്കെന്താ മരത്തിനാരേലും മുസ്ലീം പേരിട്വൊ.."

"അതെന്താ ..?"

"മരങ്ങളൊക്കെ ഹിന്ദുക്കളല്ലേ അമ്മമ്മേ പിന്നെങ്ങെന്യാ വേറെ ജാതിപ്പേരിടാ.."

"ആരാപ്പൊ ഇങ്ങന്വൊക്കെ നെന്നോട് പറഞ്ഞേ..?"

"സ്കൂളിലെ സൂരജേട്ടന്‍ പറഞ്ഞൂല്ലോ മരങ്ങളു മാത്രല്ലാ ജന്തുക്കളും പുഴകളും ഒക്കെ നമ്മടെ ആളോളാ .
ബാക്കി മതക്കാരൊക്കെ പിന്നെ വന്നോരാത്രേ .
അതല്ലേ പശൂനും പൂച്ചയ്ക്കൊക്കെ ഹിന്ദുക്കള്‍ടെ പേരിടണേ.. "

(ലച്ചൂന്റെ നാവിലെ കറ ഞാവലിന്റെയല്ല എന്നറിഞ്ഞപ്പൊള്‍ അറുത്തുകളയാന്‍ തോന്നി ടീച്ചര്‍ക്ക്)

9 comments:

  1. Nishkalangamaya aa naavil ninnu kara Melle oppiyedukuka.. Aruthu kalayan ponnal kara purattiyavarum teacherum thammil enthu vyathyasam! :)

    ReplyDelete
  2. കുറഞ്ഞ വാക്കുകളില്‍.... കൂടുതൽ കാര്യങ്ങൾ..... നമ്മുടെ തലമുറ വഴി തെറ്റുന്നതിന് ....നമ്മള്‍ തന്നെയാണ് ഉത്തരവാദി.....റ്റീച്ചര്‍ നന്നായി..... ആശംസകൾ.....

    ReplyDelete
  3. കുട്ടികളല്ലേ... പറഞ്ഞുതിരുത്തിയാല്‍ മതി...!!
    കാണുന്നതും കേള്‍ക്കുന്നതുമൊക്കെയല്ലേ അവർ പഠിക്കുന്നത്..

    ReplyDelete